മുംബൈ: പ്രമുഖ ഡിപ്പോസിറ്ററിയായ സിഡിഎസ്എല്ലിന്റെ കഴിഞ്ഞ ത്രൈമാസത്തിലെ ഏകീകൃത അറ്റാദായം 7 ശതമാനം ഇടിഞ്ഞ് 80 കോടി രൂപയായി കുറഞ്ഞു. താരതമ്യപ്പെടുത്തുമ്പോൾ, കമ്പനി മുൻ വർഷം ഇതേ കാലയളവിൽ 86 കോടി രൂപ അറ്റാദായം നേടിയിരുന്നു.
അവലോകന കാലയളവിൽ കമ്പനിയുടെ മൊത്തവരുമാനം മുൻ വർഷത്തെ 165 കോടി രൂപയിൽ നിന്ന് 3 ശതമാനം ഉയർന്ന് 170 കോടി രൂപയായതായി സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് (സിഡിഎസ്എൽ) പ്രസ്താവനയിൽ പറഞ്ഞു
2022 സെപ്റ്റംബർ പാദത്തിൽ പുതിയതായി 48 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകൾ തുറന്നതായി കമ്പനി അറിയിച്ചു. എല്ലാ വിപണി പങ്കാളികൾക്കും എളുപ്പവും സുരക്ഷിതവുമായ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നതിനായി ഡിജിറ്റൽ ഇക്കോ സിസ്റ്റങ്ങളിലും കരുത്തുറ്റ സാങ്കേതികവിദ്യയിലും നിക്ഷേപിക്കുന്ന തങ്ങളുടെ സുസ്ഥിര ദീർഘകാല തന്ത്രം ഈ പാദത്തിലും തുടർന്നതായി സിഡിഎസ്എൽ എംഡിയും സിഇഒയുമായ നെഹാൽ വോറ പറഞ്ഞു.
ഇലക്ട്രോണിക് രൂപത്തിൽ സെക്യൂരിറ്റികൾ കൈവശം വയ്ക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലെ ഇടപാടുകൾ തീർപ്പാക്കുന്നതിനും സിഡിഎസ്എൽ സഹായിക്കുന്നു. ഇത് ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഗുണഭോക്തൃ ഉടമകളുടെ (BOs) ഡീമാറ്റ് അക്കൗണ്ടുകൾ പരിപാലിക്കുകയും സേവനം നൽകുകയും ചെയ്യുന്നു. 20,000-ലധികം സ്ഥലങ്ങളിൽ നിന്നുള്ള സിഡിഎസ്എല്ലിന്റെ 580 ഡിപ്പോസിറ്ററി പങ്കാളികളാണ് ഈ ബിഒകൾക്ക് സേവനം നൽകുന്നത്.
അതേപോലെ 2022 സെപ്റ്റംബർ 30-ന് അവസാനിച്ച അർദ്ധ വർഷത്തിൽ, കമ്പനിയുടെ അറ്റാദായം 8 ശതമാനം ഇടിഞ്ഞ് 138 കോടി രൂപയായി. എന്നാൽ ഈ കാലയളവിൽ മൊത്തം വരുമാനം 7 ശതമാനം വർധിച്ച് 316 കോടി രൂപയായി.