ന്യൂഡൽഹി: കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്നലെ പാർലമെൻ്റിൽ അവതരിപ്പിച്ച 2024-25 ലെ ബജറ്റിൽ മൂലധന ചെലവിനായി 11,11,111 കോടി രൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചു. ഇത് രാജ്യത്തിൻ്റെ ജിഡിപിയുടെ 3.4 ശതമാനം വരും.
ഈ വർഷം സംസ്ഥാനങ്ങൾക്ക് ദീർഘകാല പലിശ രഹിത വായ്പകൾ ലഭ്യമാക്കുന്നതിനായി 1.5 ലക്ഷം കോടി രൂപ ധനമന്ത്രി നിർമ്മല സീതാരാമൻ വകയിരുത്തി. ഇത് അടിസ്ഥാന സൗകര്യവികസനത്തിനുള്ള വിഭവ സമാഹരണത്തിൽ സംസ്ഥാനങ്ങളെ പിന്തുണയ്ക്കും.
വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിലൂടെയും നയ നിയന്ത്രണങ്ങളിലൂടെയും സ്വകാര്യ മേഖലയുടെ അടിസ്ഥാന സൗകര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും. വിപണി അധിഷ്ഠിത ധനസഹായ ചട്ടക്കൂട് കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.
ജനസംഖ്യാ വർദ്ധനവ് കണക്കിലെടുത്ത് ഗ്രാമീണമേഖലയിലെ 25,000 ആവാസ വ്യവസ്ഥകൾക്ക് എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകുന്നതിനായി പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ (PMGSY) നാലാം ഘട്ടം ആരംഭിക്കാൻ ധനമന്ത്രി നിർദ്ദേശിക്കുന്നു.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും നാശം വിതച്ച ഒട്ടേറെ സംസ്ഥാനങ്ങൾക്ക് ധനസഹായവും മറ്റ് സഹായങ്ങളും ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു.
ബീഹാറിൽ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെടുത്തിയ ധനമന്ത്രി 11,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതികൾക്ക് ധനസഹായം പ്രഖ്യാപിച്ചു.
പ്രളയം നേരിടുന്നതിനും അനുബന്ധ പദ്ധതികൾക്കുമായി അസമിനുള്ള സഹായവും ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു.
വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മൂലമുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്ക് പുനർനിർമ്മാണത്തിനും പുനരധിവാസത്തിനും സർക്കാർ സഹായം നൽകുമെന്ന് ധനമന്ത്രി പറഞ്ഞു.
സിക്കിം സംസ്ഥാനത്തിനും ധനസഹായം പ്രഖ്യാപിച്ചു.