ദുബായ്: കഴിഞ്ഞ 10 വര്ഷത്തിനിടെ ഏകദേശം 1500 കോടീശ്വരന്മാര് യു.കെ.യില്നിന്ന് ദുബായിലേക്ക് കുടിയേറിയതായി റിപ്പോര്ട്ട്. ന്യൂ വേള്ഡ് വെല്ത്ത് പുറത്തിറക്കിയ റിപ്പോര്ട്ടിലാണ് ഇക്കാര്യമുള്ളത്.
250-ലേറെ കോടീശ്വരന്മാര് ഈ വര്ഷം ദുബായിലേക്ക് താമസംമാറ്റുമെന്നും ആഗോള വെല്ത്ത് ഇന്റലിജന്സ് സ്ഥാപനമായ ന്യൂ വേള്ഡ് വെല്ത്തിന്റെ പഠനറിപ്പോര്ട്ട് പറയുന്നു.
സംഖ്യ ഉയരുന്നതോടെ യൂറോപ്യന് രാജ്യത്തുനിന്നുള്ള അതിസമ്പന്നരെ ആകര്ഷിക്കുന്ന മൂന്നാമത്തെ മികച്ച ലക്ഷ്യസ്ഥാനമായി ദുബായ് മാറും.
10 ലക്ഷം ഡോളറോ അതില്ക്കൂടുതലോ നിക്ഷേപിക്കാന് കഴിവുള്ളവരെ ഉള്പ്പെടുത്തിയാണ് ന്യൂ വേള്ഡ് വെല്ത്ത് പഠനം നടത്തിയത്.
ബ്രിട്ടനിലെ കോടീശ്വരന്മാര് യു.എ.ഇ.യിലേക്ക് ആകര്ഷിക്കപ്പെടാന് ഒട്ടേറെ കാരണങ്ങളുണ്ടെന്ന് ന്യൂ വേള്ഡ് വെല്ത്ത് ഗവേഷണമേധാവി ആന്ഡ്രൂ അമോയില്സ് പറയുന്നു.
ദുബായില് ലഭിക്കുന്ന സവിശേഷമായ സാമ്പത്തിക സേവനങ്ങള്, ആരോഗ്യപരിരക്ഷ, എണ്ണയും പ്രകൃതിവാതകവും, റിയല് എസ്റ്റേറ്റ്, ടെക്നോളജി, ട്രാവല് ആന്ഡ് ടൂറിസം എന്നിവയാണ് വിദേശികളെ ആകര്ഷിക്കുന്ന മേഖലകള്.
ആഗോള ഹൈടെക് നഗരമായി ദുബായ് മാറിയെന്നതും അതിസമ്പന്നരെ ആകര്ഷിക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത നികുതിനിരക്കുകളാണ് യു.എ.ഇ.യിലുള്ളതെന്ന് ആന്ഡ്രൂ അമോയില്സ് ചൂണ്ടിക്കാട്ടി.
ഉയര്ന്ന നിലവാരത്തിലുള്ള ആതുരാലയങ്ങളുമുണ്ട്. ഒട്ടേറെ വിദേശികളും നഗരത്തില് ചികിത്സതേടുന്നു. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാല് ദുബായ് ഒരു സുരക്ഷിത താവളമാണ്.
മാത്രമല്ല മനോഹരമായ ബീച്ചുകളും ഇവിടെയുണ്ടെന്നും ആന്ഡ്രൂ അമോയില്സ് പറഞ്ഞു. ഈ വര്ഷം ഇതുവരെ യു.കെ.യില്നിന്ന് ഏറ്റവുമധികംപേര് പോയത് പാരീസിലേക്കാണ്. 300 പേര്.
മൊണാക്കോ (250), ദുബായ് (250), ആംസ്റ്റര്ഡാം (200), സിഡ്നി (200) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്.
ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കുറഞ്ഞുവരുന്ന പ്രാധാന്യം, ആരോഗ്യസംരക്ഷണ സംവിധാനത്തിലെ വീഴ്ചകള്, വര്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകള്, ഉയര്ന്ന നികുതി, എസ്റ്റേറ്റ് ഡ്യൂട്ടി നിരക്കുകള് എന്നിവയെല്ലാം അതിസമ്പന്നര് യു.കെ. വിടുന്നതിന്റെ കാരണങ്ങളായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
അതേസമയം 4,500 കോടീശ്വരന്മാര് ഈ വര്ഷം യു.എ.ഇ.യിലേക്ക് താമസംമാറുമെന്ന് ഹെന്ലി പ്രൈവറ്റ് വെല്ത്ത് മൈഗ്രേഷന് റിപ്പോര്ട്ട്-2023 വ്യക്തമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഉയര്ന്ന കുടിയേറ്റമാണിത്. ഹെന്ലി പ്രൈവറ്റ് വെല്ത്ത് മൈഗ്രേഷന്റെ കണക്കുപ്രകാരം 2022-ല് 5,200 ഉന്നത ആസ്തിയുള്ള വ്യക്തികള് ദുബായിലേക്ക് കുടിയേറിയിട്ടുണ്ട്.
ഇതുപ്രകാരം 2022-ല് ഒരു രാജ്യത്തേക്കുള്ള ശതകോടീശ്വരന്മാരുടെ ഏറ്റവും ഉയര്ന്ന കുടിയേറ്റമായിരുന്നു ഇത്.