കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി

ന്യൂഡൽഹി: കഴിഞ്ഞമാസം ചരക്ക്-സേവനനികുതിയായി (ജിഎസ്ടി) ദേശീയതലത്തിൽ സമാഹരിച്ചത് 1.76 ലക്ഷം കോടി രൂപ. 2023 ഡിസംബറിലെ 1.64 ലക്ഷം കോടി രൂപയേക്കാൾ 7.3% അധികമാണിതെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ദേശീയതലത്തിൽ ഒക്ടോബറിൽ 1.87 ലക്ഷം കോടി രൂപയും നവംബറിൽ 1.86 ലക്ഷം കോടി രൂപയും പിരിച്ചെടുത്തിരുന്നു.

2024 ഏപ്രിലിൽ സമാഹരിച്ച 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയർന്ന പ്രതിമാസ സമാഹരണം. കഴിഞ്ഞമാസത്തെ വരുമാനത്തിൽ കേന്ദ്ര ജിഎസ്ടി (CGST) 32,836 കോടി രൂപയും സംസ്ഥാന ജിഎസ്ടി (SGST) 40,999 കോടി രൂപയും സംയോജിത ജിഎസ്ടി (IGST) 91,221 കോടി രൂപയുമാണ്.

സെസ് (CESS) ഇനത്തിൽ ലഭിച്ചത് 12,031 കോടി രൂപ. നടപ്പുവർഷം (2024-25) ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 16.33 ലക്ഷം കോടി രൂപ പിരിച്ചെടുത്തു. മുൻവർഷത്തെ സമാനകാലത്തെ 14.97 ലക്ഷം കോടി രൂപയേക്കാൾ 9.1% അധികമാണിത്.

കേരളത്തിന് വളർച്ച 5%; കേന്ദ്രവിഹിതം 24,341 കോടി രൂപ
കേരളത്തിൽ നിന്ന് കഴിഞ്ഞമാസം ജിഎസ്ടിയായി പിരിച്ചത് 2,575 കോടി രൂപ. 2023 ഡിസംബറിലെ 2,458 കോടി രൂപയേക്കാൾ 5% അധികം. കേരളത്തിന്റെ ജിഎസ്ടി സമാഹരണ വളർച്ചനിരക്ക് കഴിഞ്ഞമാസങ്ങളെ അപേക്ഷിച്ച് കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

ഒക്ടോബറിൽ 20% വളർന്ന കേരളം, വളർച്ചനിരക്കിൽ വലിയ സംസ്ഥാനങ്ങൾക്കിടയിൽ രണ്ടാംസ്ഥാനവും സ്വന്തമാക്കിയിരുന്നു. നവംബറിൽ 10 ശതമാനമായിരുന്നു വളർച്ച.

നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ 24,397 കോടി രൂപയാണ് കേരളത്തിൽ നിന്ന് പിരിച്ചെടുത്തത്. മുൻവർഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 7.9% അധികം. കേരളത്തിന് ജിഎസ്ടി വിഹിതമായി നടപ്പുവർഷം ഏപ്രിൽ-ഡിസബറിൽ 24,341 കോടി രൂപ കേന്ദ്രത്തിൽ നിന്ന് ലഭിച്ചു.

2023-24ലെ സമാനകാലത്തെ 23,045 കോടി രൂപയേക്കാൾ 6 ശതമാനം കൂടുതലാണിത്. സംസ്ഥാന ജിഎസ്ടി, സംയോജിത ജിഎസ്ടിയിലെ സംസ്ഥാന ജിഎസ്ടി വിഹിതം എന്നിവയായി കേരളത്തിന് ലഭിച്ച തുകയാണിത്.

മുന്നിൽ മഹാരാഷ്ട്ര തന്നെ, പിന്നിൽ ലക്ഷദ്വീപ്
രാജ്യത്ത് ഏറ്റവുമധികം ജിഎസ്ടി പിരിക്കുന്ന സംസ്ഥാനം സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര തന്നെ. ഡിസംബറിൽ 9% വളർച്ചയോടെ 29,260 കോടി രൂപ മഹാരാഷ്ട്ര പിരിച്ചു. 7% വളർച്ചയോടെ 12,526 കോടി രൂപ പിരിച്ച കർണാടക രണ്ടാംസ്ഥാനം നിലനിർത്തി.

തമിഴ്നാട് (10,956 കോടി രൂപ), ഹരിയാന (10,403 കോടി രൂപ), ഗുജറാത്ത് (10,279 കോടി രൂപ) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ലക്ഷദ്വീപ് (-54%), അരുണാചൽ പ്രദേശ് (-27%), ചണ്ഡീഗഡ് (-20%), മേഘാലയ (-12%), ആന്ധ്രാപ്രദേശ് (-6%), പുതുച്ചേരി (-2%) എന്നിവ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഏറ്റവും കുറവ് ജിഎസ്ടി സമാഹരണം നടത്തിയതും ലക്ഷദ്വീപാണ്; വെറും രണ്ടുകോടി രൂപ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആന്ധ്ര 3,315 കോടി രൂപയും തെലങ്കാന 5,224 കോടി രൂപയും പിരിച്ചെടുത്തു.

X
Top