കൊച്ചി: അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതിവര്‍ഷം 100 കോടി രൂപ വിറ്റുവരവുള്ള 1000 വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. ഇതിലൂടെ കേരളത്തിലേക്ക് ഒരു ലക്ഷം കോടി രൂപയുടെ വ്യാവസായിക വിറ്റുവരവ് ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്‍ഡോ- ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് (ഇന്‍മെക്ക്) സംഘടിപ്പിച്ച ‘സല്യൂട്ട് കേരള 2024’ കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നര്‍ തുറമുഖ ടെര്‍മിനല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസനകേന്ദ്രങ്ങളിലൊന്നായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളൊന്നും തൊഴിലാളി പ്രശ്നങ്ങള്‍ നേരിട്ടിട്ടില്ലെന്നതു ശുഭകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കേരളത്തിലെ വിവിധ സംരംഭകരെ ആദരിക്കുന്നതിനാണ് ഇന്‍മെക്ക് ‘സല്യൂട്ട് കേരള 2024’ സംഘടിപ്പിച്ചത്. ആജീവനാന്ത സംഭാവനയ്ക്കുള്ള ‘ഇന്‍മെക്ക് ലീഡര്‍ഷിപ്പ് സല്യൂട്ട്’ പുരസ്കാരം ഡോ. പി. മുഹമ്മദ് അലി ഗള്‍ഫാറിനു സമ്മാനിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളില്‍ കേരള ബ്രാന്‍ഡ് വികസിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിസിനസ് പ്രതിഭകളായ ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ഡോ. വിജു ജേക്കബ്, ഗോകുലം ഗോപാലന്, വി.കെ. മാത്യൂസ്, ഡോ. കെ.വി. ടോളിന്, കെ.മുരളീധരന്, വി.കെ. റസാഖ്, ഷീല കൊച്ചൗസേപ്പ്, പി.കെ. മായന്‍ മുഹമ്മദ്, ഡോ. എ.വി. അനൂപ് എന്നിവര്‍ക്ക് ഇന്‍മെക്ക് എക്സലന്‍സ് സല്യൂട്ട് പുരസ്കാരങ്ങൾ നല്കി.