ന്യൂഡല്‍ഹി: ഇന്ത്യയുടെ കിട്ടാക്കടം ദശാബ്ദത്തിലെ താഴ്ന്ന നിലയിലായിരിക്കാം.പക്ഷേ റീട്ടെയില്‍ വായ്പക്കാരില്‍ ഏകദേശം 10% പേര്‍ പ്രതിമാസ പേയ്‌മെന്റുകള്‍ നഷ്ടപ്പെടുത്തുന്നു. 90 ദിവസത്തെ സമയപരിധിക്ക് മുമ്പ് ചില പേയ്‌മെന്റുകള്‍ നടത്തിയാണ് വായ്പക്കാര്‍ ഈ അക്കൗണ്ടുകള്‍ രക്ഷിച്ചെടുക്കുന്നത്.
അല്ലാത്തപക്ഷം അവ നിഷ്‌ക്രിയ ആസ്തികളിലേക്ക് (എന്‍പിഎ) വഴുതിപ്പോയിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മാത്രമല്ല, നിര്‍ബന്ധിത ബാന്‍ഡായ 2-6 ശതമാനത്തേക്കാള്‍ ഉയര്‍ന്ന പണപ്പെരുപ്പം പല റീട്ടെയില്‍ വായ്പക്കാരുടെയും ഗാര്‍ഹിക കടം പോര്‍ട്ട്‌ഫോളിയോയെ അപകടത്തിലാക്കുന്നു.
എന്നിരുന്നാലും, സമ്മര്‍ദ്ദത്തിന്റെ ഈ ലക്ഷണങ്ങള്‍ അപകടസാധ്യതകളൊന്നും തല്‍ക്കാലം ഉയര്‍ത്തുന്നില്ല.
”റീട്ടെയില്‍ വായ്പകളുടെ മൊത്ത നിഷ്‌ക്രിയ അനുപാതം 2023 മാര്‍ച്ചില്‍ 1.4 ശതമാനമായി കുറവാണെങ്കിലും, ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ക്ക് (എസ്സിബി) ‘പ്രത്യേക പരാമര്‍ശ അക്കൗണ്ടുകളുടെ’ വിഹിതം താരതമ്യേന ഉയര്‍ന്നതാണ്. ഇത് അവരുടെ റീട്ടെയില്‍ ആസ്തി പോര്‍ട്ട്‌ഫോളിയോയുടെ പത്തിലൊന്നാണ്,”റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്‌പെഷ്യല്‍ റഫറന്‍സ് അക്കൗണ്ട് (എസ്എംഎ) വിഭാഗത്തിന് കീഴില്‍ മൂന്ന് ഉപവിഭാഗങ്ങള്‍ സൃഷ്ടിച്ചാണ് ലോണ്‍ അക്കൗണ്ടിലെ സമ്മര്‍ദ്ദം തിരിച്ചറിയുന്നത്. പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ പലിശ പേയ്‌മെന്റ് 30 ദിവസത്തില്‍ കൂടുതല്‍ വൈകുകയും ഓവര്‍ഡ്യൂ അല്ലാതിരിക്കുകയും ചെയ്താല്‍ എസ്എംഎ -0, 31 നും 60 നും ഇടയില്‍ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ പലിശ പേയ്‌മെന്റ് കുടിശ്ശികയാണെങ്കില്‍ എസ്എംഎ -1, 61 നും 90 നും ഇടയില്‍ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ പലിശ പേയ്‌മെന്റ് കുടിശ്ശികയാണെങ്കില്‍ എസ്എംഎ -3 എന്നിങ്ങനെയാണ് അക്കൗണ്ടുകള്‍ തരം തിരിക്കപ്പെടുന്നത്.ഒരു വായ്പാ അക്കൗണ്ട് 90 ദിവസമോ അതില്‍ കൂടുതലോ കുടിശ്ശികയാണെങ്കില്‍, അതിനെ നിഷ്‌ക്രിയ ആസ്തിയായി തരംതിരിക്കുന്നു.
രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ റീട്ടെയില്‍ വായ്പാ പോര്‍ട്ട്‌ഫോളിയോയിലെ കുതിച്ചുചാട്ടം കാരണം സെന്‍ട്രല്‍ ബാങ്കിന്റെ നിരീക്ഷണം പ്രാധാന്യമര്‍ഹിക്കുന്നു.2023 മാര്‍ച്ചിലെ മൊത്തം ബാങ്ക് വായ്പകളുടെ 32% റീട്ടെയില്‍ വിഭാഗത്തിലാണെന്ന് ഈയിടെ ആര്‍ബിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ച് വര്‍ഷം മുമ്പ് 25 ശതമാനമായിരുന്ന സ്ഥാനത്താണിത്.