മെൽബൺ: ഓസ്ട്രേലിയയിലെ മലയാളികളുടെ പ്രിയ റേഡിയോ സഹയാത്രികക്ക് 10 വയസ്. വാർത്തകളും, വിശേഷങ്ങളും, വിശകലനങ്ങളുമായി ഓസ്ട്രേലിയൻ മലയാളികളുടെ ജീവിതത്തിൽ സജീവ സാന്നിദ്ധ്യമാണ് എസ്ബിഎസ് മലയാളം.
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ മാധ്യമ ശ്രിംഖലകളിലൊന്നായ സ്പെഷ്യൽ ബ്രോഡ്കാസ്റ്റിങ്ങ് സർവീസിൻ്റെ ഭാഗമാണിത്.
എസ്ബിഎസ് ഓഡിയോ എന്ന പേരിൽ പോഡ്കാസ്റ്റ് അടക്കം ഒട്ടേറെ ഓഡിയേ ഉള്ളടക്കങ്ങൾ നൽകുന്നു. ഇംഗ്ലീഷിതര ഭാഷ സംസാരിക്കുന്ന 40 ലക്ഷം ഓസ്ട്രേലിയക്കാർക്കായി 68 ഭാഷകളിൽ സേവനം നൽകുന്നുണ്ട്.
1970 ൽ ആണ് എസ്ബിഎസ് തുടങ്ങുന്നത്. മലയാളത്തിൽ തുടങ്ങുന്നത് 10 വർഷം മുൻപും. മലയാളി കുടിയേറ്റം ശക്തമായ ദശകത്തിൽ തുടങ്ങിയ എസ്ബിഎസ് മലയാളം വൈകാതെ ഹിറ്റ് ചാനലുകളിലൊന്നായി. എസ്ബിഎസിന് 6 ടിവി ചാനലുകളും, 7 റേഡിയോ നെറ്റ്വർക്കുകളുമുണ്ട്.
എസ്ബിഎസ് മലയാളം ഓഡിയോ ഉള്ളടക്കത്തിന് പുറമെ ഓൺലൈനിൽ ടെക്സ്റ്റ്, മൾട്ടിമീഡിയ, വീഡിയോ എന്നിവയും നൽകുന്നു.
ഓസ്ട്രേലിയൻ മലയാളി ജീവിതത്തിൻ്റെ പരിഛേദം ഇതിൽ കാണാം. നാട്ടിൽ നിന്നുള്ള ആകർഷക വാർത്തകളും, അഭിമുഖങ്ങളും അവർ നൽകുന്നു.
സ്പെഷ്യൽ ബ്രോഡ്കാസ്റ്റിങ്ങ് സർവീസിൻ്റെ ഫണ്ടിങിൽ 80 ശതമാനവും ഓസ്ട്രേലിയൻ സർക്കാരാണ് നൽകുന്നത്.
ഓസ്ട്രേലിയയിലേക്ക് കുടിയേറിയ വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ക്കാരങ്ങളിലും നിന്നുള്ളവർക്ക് അവരുടെ വേരുകൾ നഷ്ടപ്പെടാതെ കാക്കാനുള്ള സർക്കാരിൻ്റെ കരുതലാണ് ഈ മാധ്യമ ശ്രിംഖല.
ഒപ്പം ഓസ്ട്രേലിയൻ വിശേഷങ്ങളും, വിവരങ്ങളും തങ്ങളുടെ മാതൃഭാഷയിലൂടെ അറിയാനുള്ള അവസരവും ഒരുക്കുന്നു.
ഓസ്ട്രേലിയയിൽ എത്തുന്ന മലയാളി സെലിബ്രിറ്റികൾ എസ്ബി എസിൽ അതിഥികളായി എത്തുന്നത് പതിവാണ്.