തിരുവനന്തപുരം: സംരംഭങ്ങളെ 100 കോടി വീതം ടേണോവർ ഉള്ള സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്. അന്താരാഷ്‌ട്ര എംഎസ്എംഇ ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒറ്റ വർഷം 1,39,840 പുതിയ എംഎസ്എംഇ സംരംഭങ്ങൾ സംസ്ഥാനത്ത് തുടങ്ങിയത് ഏതു മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്ന് മന്ത്രി എടുത്തു പറഞ്ഞു.
സംരംഭകത്വ വർഷം ആചരിക്കുമ്പോൾ സർക്കാർ കണ്ടിരുന്നത് സംരംഭക സമൂഹത്തിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതായിരുന്നു. അത് സാധിച്ചു. ഈ സാമ്പത്തിക വർഷം ഇതേവരെ 4,184 പുതിയ സംരംഭങ്ങൾ തുടങ്ങിക്കഴിഞ്ഞു.
എന്നാൽ തുടക്കം എളുപ്പമാണെന്നും തുടർച്ചയാണ് ദുഷ്‌കരമെന്നും മന്ത്രി ഓർമിപ്പിച്ചു. പ്രവർത്തനം ആരംഭിച്ച എംഎസ്എംഇകളുടെ വളർച്ചയ്ക്കായി പുതിയ ആനുകൂല്യങ്ങളും മന്ത്രി പ്രഖ്യാപിച്ചു.
എംഎസ്എംഇകളുടെ പ്രവർത്തന വിപുലീകരണത്തിന് പദ്ധതി തയാറാക്കാൻ ഒരു ലക്ഷം രൂപ സർക്കാർ അനുവദിക്കും.
മൂലധന നിക്ഷേപത്തിനായി രണ്ടുകോടി രൂപ വരെ നൽകും. ഇതിനു പുറമേ വർക്കിംഗ് ക്യാപിറ്റൽ ആയി ലോൺ പലിശയുടെ 50 ശതമാനം (പരമാവധി 50 ലക്ഷം) സർക്കാർ വഹിക്കുമെന്നും മന്ത്രി രാജീവ് പ്രഖ്യാപിച്ചു.
ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ് ഹരികിഷോർ, ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, എസ്എൽബിസി കേരള കൺവീനർ എസ്. പ്രേംകുമാർ, റിയാബ് ചെയർമാൻ ആർ. അശോക്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവർ പങ്കെടുത്തു.