
ന്യൂഡൽഹി: ഇന്ത്യയില്‍ ഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മിഷന്‍ പ്രഖ്യാപിച്ചതോടെ കാര്‍ഷിക മേഖലയില്‍ ഉണര്‍വ്വിന് സാധ്യതയേറി.
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്ത ആറുവര്‍ഷത്തിനുള്ളില്‍ ആഭ്യന്തര ഉല്‍പ്പാദനം കൂട്ടുന്നതിനുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്.
10,103 കോടി രൂപ ചിലവു കണക്കാക്കുന്ന ദേശീയ ഭക്ഷ്യഎണ്ണ (എണ്ണക്കുരു) മിഷന് കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് അംഗീകാരം നല്‍കിയത്. 2030 ഓടെ രാജ്യത്ത് എണ്ണക്കുരു ഉല്‍പാദനം രണ്ടര കോടി മെട്രിക് ടണ്‍ വര്‍ധിപ്പിക്കുകയാണ് മിഷന്റെ ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഭക്ഷ്യ എണ്ണ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കാര്‍ഷിക മേഖലക്ക് കൂടുതല്‍ പ്രോല്‍സാഹനം നല്‍കുന്നതിനാകും മിഷന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. നിലക്കടല, കടുക്, സോയാബീന്‍ എന്നിവക്കായിരിക്കും പ്രധാന പരിഗണന.
കൂടുതല്‍ സ്ഥലത്ത് ഈ വിളകള്‍ കൃഷി ചെയ്യുന്നതിന് മിഷന്റെ സഹായങ്ങള്‍ ഉണ്ടാകും. നിലവില്‍ 2.9 കോടി ഹെക്ടര്‍ സ്ഥലത്താണ് ഈ വിളകളുടെ കൃഷി നടക്കുന്നത്. ഇത് 3.3 കോടി ഹെക്ടറായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
ആഭ്യന്തര വിളകളെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇതര ഭക്ഷ്യ എണ്ണകള്‍ക്ക് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചു വരുന്നുണ്ട്.
ഉല്‍പ്പാദന വര്‍ധനവിന് സര്‍ക്കാര്‍ തെരഞ്ഞെടുത്ത വിളകളില്‍ കേരളത്തിന് ഗുണകരമായതൊന്നുമില്ല. നിലക്കടല, കടുക്, സോയാബീന്‍ എന്നിവയൊന്നും കേരളത്തിലെ കാര്‍ഷിക വിളകളല്ല.
അതേസമയം, ഈ വിളകള്‍ക്ക് പുറമെ തവിട് ഉള്‍പ്പടെ ഏതാനും ഉല്‍പ്പന്നങ്ങളില്‍ നിന്ന് എണ്ണയുണ്ടാക്കുന്നതിന് മിഷന്റെ സഹായങ്ങള്‍ ഉണ്ടാകും. തവിട് എണ്ണക്ക് വിപണിയില്‍ ഡിമാന്റുണ്ട്. കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ഇത് പ്രയോജനകരമായേക്കും.