
ചെന്നൈ: ഗതിനിയന്ത്രണ സംവിധാനങ്ങൾക്കുള്ള (നാവിഗേഷൻ) ഉപഗ്രഹമായ എൻ.വി.എസ്.-02നെയും വഹിച്ച് ജനുവരിയിൽ ഇന്ത്യയുടെ ജി.എസ്.എൽ.വി. കുതിച്ചുയരുമ്പോൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്റർ ഒരു നാഴികക്കല്ലുകൂടി പിന്നിടും. ഇവിടെ നിന്നുള്ള നൂറാമത്തെ റോക്കറ്റ് വിക്ഷേപണമായിരിക്കും അത്.
സ്പെയ്‌ഡെക്സ് ദൗത്യത്തിനുള്ള പേടകങ്ങളും വഹിച്ചുള്ള പി.എസ്.എൽ.വി. റോക്കറ്റിന്റെ വിക്ഷേപണമായിരുന്നു ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.)യുടെ 2024-ലെ അവസാനദൗത്യം.
ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിയ കാര്യം അറിയിച്ച ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥാണ് ഇത് ശ്രീഹരിക്കോട്ടയിൽനിന്നുള്ള 99-ാമത്തെ റോക്കറ്റ് വിക്ഷേപണമായിരുന്നു എന്ന് വെളിപ്പെടുത്തിയത്. നൂറാം വിക്ഷേപണം പുതുവർഷത്തിൽ ആദ്യമാസംതന്നെ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
സതീഷ് ധവാൻ സ്പെയ്സ് സെന്റർ
*) പ്രവർത്തനം തുടങ്ങിയത് 1971 ഒക്ടോബർ ഒന്നിന്
*) ചെന്നൈയിൽനിന്ന് 80 കിലോമീറ്റർ അകലെ ആന്ധ്രാപ്രദേശിൽ ശ്രീഹരിക്കോട്ടയിൽ സ്ഥിതിചെയ്യുന്നു
*) അതുവരെ റോക്കറ്റ് വിക്ഷേപണം നടത്തിയിരുന്നത് കേരളത്തിലെ തുമ്പയിൽനിന്ന്
*) ശ്രീഹരിക്കോട്ട റെയ്ഞ്ച് എന്നായിരുന്നു വിക്ഷേപണകേന്ദ്രത്തിന്റെ ആദ്യപേര്. 2002-ൽ സതീഷ് ധവാൻ സ്പെയ്സ് സെന്റർ എന്ന് പേരുമാറ്റി.
*) രണ്ട് വിക്ഷേപണത്തറകളാണ് ഇവിടെയുള്ളത്.
വിക്ഷേപണചരിത്രം
*) ആദ്യവിക്ഷേപണം 1979 ഓഗസ്റ്റിൽ. ഇത് ഭാഗികമായേ വിജയിച്ചുള്ളൂ
*) 1980 ജൂലായ് 18-ന് രോഹിണി ഉപഗ്രഹത്തെ ഇന്ത്യയുടെ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എൽ.വി.) ഭ്രമണപഥത്തിലെത്തിച്ചു
*) കൂടുതൽ ഭാരം വഹിക്കാനുള്ള എ.എസ്.എൽ.വി. 1987-ൽ വന്നു. *) 1994-ൽ പി.എസ്.എൽ.വി.യും 2001-ൽ വാർത്താവിനിമയ ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള ജി.എസ്.എൽ.വി.യും എത്തി
കുലശേഖരപട്ടണം ഒരുങ്ങുന്നു
ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രം സെഞ്ചുറി തികയ്ക്കാൻ ഒരുങ്ങുമ്പോൾ തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് മറ്റൊരു വിക്ഷേപണകേന്ദ്രത്തിന്റെ നിർമാണം നടക്കുകയാണ്. രണ്ടുവർഷംകൊണ്ട് ഇത് പ്രവർത്തനസജ്ജമാകും.
ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കാനുള്ള സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി.) ആയിരിക്കും ഇവിടെനിന്ന് വിക്ഷേപിക്കുക.