
അഹമ്മദാബാദ്: അദാനി ഗ്രൂപ്പിൽ നിന്ന് ഗുജറാത്ത് സർക്കാർ വാങ്ങുന്ന വൈദ്യുതിയുടെ വില ഒരുവർഷത്തിനിടെ വർധിച്ചത് 102 ശതമാനം. വില കൂടിയപ്പോഴും വൈദ്യുതി അധികം വാങ്ങി സർക്കാർ തുണച്ചു. നിയമസഭയിൽ വെച്ച കണക്കുകളിലാണ് ഈ വിവരമുള്ളത്.
2021-22-ൽ അദാനി പവറിൽനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 3.58 രൂപയിൽനിന്ന് 7.24 രൂപയായി വർധിച്ചു. വില കൂടിയിട്ടും 2022-ൽ മുൻ വർഷത്തെക്കാൾ 7.5 ശതമാനം വൈദ്യുതി അദാനിയിൽ നിന്ന് സർക്കാർ അധികം വാങ്ങി.
2021-ൽ 55,870 ലക്ഷം യൂണിറ്റ് വാങ്ങിയിരുന്നത് 2022-ൽ 60,070 ലക്ഷം യൂണിറ്റായി. 8160 കോടി രൂപ വൈദ്യുതിനിരക്കായി 2021-22 വർഷം കമ്പനിക്ക് ഗുജറാത്ത് നൽകിയിട്ടുണ്ട്.
2007-ൽ കരാറിലെത്തുമ്പോൾ കാൽനൂറ്റാണ്ടത്തേക്ക് യൂണിറ്റിന് 2.35 രൂപയ്ക്കും 2.89 രൂപയ്ക്കും ഇടയിലേ വാങ്ങൂവെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില വർധിച്ചതിനെത്തുടർന്ന് 2018-ൽ വ്യവസ്ഥ പുതുക്കി.
ഈ അമിതഭാരം ഉപഭോക്താക്കളാണ് വഹിക്കുന്നത്. ഫ്യുവൽ ആൻഡ് പവർ പർച്ചേസ് പ്രൈസ് അഡ്ജസ്റ്റ്മെന്റ് ചാർജ് കൂട്ടുകയാണ് പതിവ്.
2021-22 കാലത്ത് സർക്കാർ ഈ നിരക്ക് എട്ടുതവണ കൂട്ടിയിരുന്നു.