Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

11125 കോടി രൂപയുടെ നികുതി നോട്ടീസ്; മുന്നറിയിപ്പുമായി ഫോക്‌സ്‌വാഗൻ കമ്പനി

ചെന്നൈ: ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെ ബിസിനസ് ലോകത്ത് ചർച്ചയായി ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൻ കമ്പനിയും ഇന്ത്യൻ ഏജൻസികളും തമ്മിലുള്ള കേസ്.

മഹാരാഷ്ട്ര കസ്റ്റംസ് കമ്മീഷണര്‍ ഓഫീസ് നല്‍കിയ 11125 കോടി രൂപയുടെ നികുതി നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഫോക്‌സ്‌വാഗൻ കമ്പനി. തങ്ങളുടെ ഒന്നര ബില്യൺ ഡോളറിൻ്റെ ഇന്ത്യയിലെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് നികുതി നോട്ടീസെന്ന് കമ്പനി ഹർജിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.

2024 ഡിസംബറിൽ തുടങ്ങിയതാണ് ഈ തർക്കം. ഇറക്കുമതിയിൽ ക്രമക്കേട് കാട്ടി കസ്റ്റംസ് നികുതിയിൽ ഇളവ് നേടാൻ കമ്പനി ശ്രമിച്ചെന്ന് ആരോപിച്ചാണ് വൻ തുക നികുതി ആവശ്യപ്പെട്ട് കേന്ദ്രസ‍ർക്കാർ കമ്പനിക്ക് നോട്ടീസ് നൽകിയത്.

നിർമ്മാണം പൂർത്തിയായ കാറുകളായി ഇറക്കുമതി ചെയ്യുമ്പോള്‍ 30-35 ശതമാനം നികുതി ഇനത്തില്‍ നല്‍കേണ്ടി വരുന്നത് ഒഴിവാക്കാൻ ഈ മോഡ‍ലുകൾ ഭാഗങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയിലെത്തിച്ച് കൂട്ടിച്ചേത്തു എന്നാണ് ആരോപണം.

ഇതിലൂടെ നികുതി 5-15 ശതമാനമായി കുറഞ്ഞു. കോഡിയാക്, സ്‌കോഡ സൂപ്പര്‍ബ്, ഔഡി എ4, ഔഡി ക്യു5, ടിഗ്വാന്‍ എന്നീ മോഡലുകള്‍ ഇങ്ങനെ ഇറക്കുമതി ചെയ്‌തെന്നാണ് നോട്ടീസില്‍ ആരോപിച്ചത്.

ഇറക്കുമതി ചെയ്യുന്ന കാറുകള്‍ 700-1,500 ഭാഗങ്ങളാക്കി തരം തിരിച്ച് വ്യത്യസ്ത കണ്ടെയ്‌നറുകളിലായി മൂന്നു മുതല്‍ ഏഴു ദിവസത്തെ വരെ ഇടവേളയില്‍ ഇറക്കുമതി ചെയ്യുകയായിരുന്നു എന്നാണ് 95 പേജുള്ള നോട്ടീസിൽ മഹാരാഷ്ട്ര കസ്റ്റംസ് കമ്മീഷണര്‍ ഓഫീസ് ചൂണ്ടിക്കാട്ടിയത്.

2012 മുതല്‍ ഇറക്കുമതി നികുതി ഇനത്തില്‍ 2.35 ബില്യണ്‍ ഡോളറാണ് കമ്പനി ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഭാഗങ്ങളായി ഇറക്കുമതി ചെയ്തതു വഴി 981 ദശലക്ഷം ഡോളര്‍ മാത്രമാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഇറക്കുമതി നികുതി നല്‍കിയതെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് കമ്പനിയുടെ ഇപ്പോഴത്തെ നീക്കം. കമ്പനിയുടെ മഹാരാഷ്ട്രയിലെ രണ്ട് ഫാക്ടറികളിലടക്കം 2022ല്‍ റെയ്‌ഡ് നടത്തിയിരുന്നു.

കമ്പനി എംഡി പിയൂഷ് അറോറയെ ചോദ്യം ചെയ്തെങ്കിലും ചോദ്യങ്ങൾക്ക് വ്യക്തമായി മറുപടി ലഭിച്ചില്ലെന്നായിരുന്നു അന്ന് അന്വേഷണ ഏജൻസി കുറ്റപ്പെടുത്തിയത്.

X
Top