ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ഒരു മാസത്തിനിടെ അദാനി ഓഹരികൾക്കുണ്ടായത് 12 ലക്ഷം കോടിയുടെ നഷ്ടം. 84 ശതമാനം വരെ അദാനി ഓഹരികൾ നഷ്ടം രേഖപ്പെടുത്തി.
52 ആഴ്ചയിലെ ഉയർന്ന നിരക്കിൽ നിന്നാണ് അദാനി ഓഹരികളുടെ കൂപ്പുകുത്തൽ. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ജനുവരി 24ന് 19 ലക്ഷം കോടിയായിരുന്നു അദാനി ഓഹരികളുടെ വിപണിമൂല്യം.
മുകേഷ് അംബാനിയുടെ റിലയൻസിനേയും രത്തൻ ടാറ്റയുടെ ടി.സി.എസിനേയും മറികടന്ന് കുതിക്കുകയായിരുന്നു ഗൗതം അദാനിയും കമ്പനികളും.
എന്നാൽ, ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് വലിയ തകർച്ചയെ അഭിമുഖീകരിച്ചു.
ഒരു മാസത്തിനുള്ളിൽ അദാനി ഓഹരികളുടെ വിപണിമൂല്യം 19 ലക്ഷം കോടിയിൽ നിന്നും 7.32 ലക്ഷമായി ഇടിഞ്ഞു. ഏകദേശം 12 ലക്ഷം കോടിയുടെ നഷ്ടമാണ് അദാനിക്കുണ്ടായത്.
ശതകോടീശ്വരൻമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് 29ാം സ്ഥാനത്തേക്ക് ഗൗതം അദാനി വീണു. ഓഹരികളിൽ അദാനി എനർജിക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്.
വിപണിമൂല്യത്തിൽ 84 ശതമാനം ഇടിവാണ് ഉണ്ടായത്. അദാനി ട്രാൻസ്മിഷൻ, അദാനി ടോട്ടൽ ഗ്യാസ് ഓഹരികൾ 83 ശതമാനവും ഇടിഞ്ഞു.
അദാനി എൻർപ്രൈസിനും കനത്ത നഷ്ടമുണ്ടായി.