കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ജിഎസ്ടിയിലെ 12% സ്ലാബ് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ആഭ്യന്തര റീട്ടെയിൽ വിപണിയെ സജീവമാക്കാനുള്ള ഒരു സുപ്രധാന നടപടി, ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ സജീവമായി പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്.

ചരക്ക് സേവന നികുതി സമ്പ്രദായത്തിലെ 12 ശതമാനം സ്ലാബ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ മിന്റ് റിപ്പോർട്ട് ചെയ്തു.

ഇതിനോടൊപ്പം വിവിധ ഉത്പന്നങ്ങളുടെ നിലവിലുള്ള ചരക്ക് സേവന നികുതി നിരക്കുകൾ താഴ്ത്തുന്ന കാര്യവും ജിഎസ്ടി കൗൺസിലിന്റെ സജീവ പരിഗണനയിലാണെന്നും റിപ്പോർട്ടിലുണ്ട്.

സർക്കാരിന്റെ വരുമാന ആവശ്യകതകൾ ഉൾക്കൊണ്ടുകൊണ്ടും എന്നാൽ രാജ്യത്തെ ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള പ്രേരണയേകുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാവേഗം തിരിച്ചു പിടിക്കാനും ലക്ഷ്യമിട്ടാണ് ജിഎസ്ടി കൗൺസിന്റെ നീക്കം.

അതുപോലെ ചരക്ക് സേവന നികുതിയിൽ 12 ശതമാനം സ്ലാബിന് കീഴിൽ വരുന്ന ഉത്പന്നങ്ങൾ, അവയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് ഒന്നുകിൽ അഞ്ച് ശതമാനം സ്ലാബിലേക്കോ അല്ലെങ്കിൽ 18 ശതമാനം സ്ലാബിലേക്കോ പുനർവിന്യസിക്കുന്ന കാര്യവും ജിഎസ്ടി കൗൺസിൽ പരിഗണിക്കുന്നതായും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ചില ഉത്പന്നങ്ങളുടെ നികുതി നിരക്കുകൾ താഴ്ത്തുന്നത് സംബന്ധിച്ചും നിലവിലുള്ള ചരക്ക് സേവന നികുതി സമ്പ്രദായം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 12 ശതമാനം സ്ലാബ് ഒഴിവാക്കുന്നതിനുമുള്ള നിർദേശങ്ങൾ ബിഹാർ ഉപമുഖ്യമന്ത്രി സാംമ്രാട്ട് ചൗധരി നേതൃത്വം നൽകുന്ന ജിഎസ്ടിയുടെ മന്ത്രിതല സമിതി പരിശോധിക്കുകയാണ്. വരുമാനത്തിൽ സംഭവിക്കുന്ന ഇടിവ് നികത്തുന്നതിനായി ചില ഉത്പന്നങ്ങളുടെ നികുതി നിരക്ക് വർധിപ്പിക്കുന്ന വിഷയവും ജിഎസ്ടി കൗൺസിൽ പരിശോധിക്കുകയാണ്.

ഇക്കഴിഞ്ഞ പൊതു ബജറ്റിൽ ഇടത്തരം വരുമാനക്കാർക്ക് വമ്പൻ ആദായ നികുതി ഇളവ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. വാർഷികമായി 12 ലക്ഷം വരെയുള്ള ശമ്പള വരുമാനക്കാർക്ക് ആദായ നികുതി ബാധ്യത ഒഴിവാക്കുന്ന വിധമായിരുന്നു ഇളവ് അനുവദിച്ചത്.

ഇതിന് പിന്നാലെ ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്കുകൾ പരിഷ്കരിക്കാനുള്ള നീക്കങ്ങളും കൂടിയാകുമ്പോൾ രാജ്യത്തെ ജനങ്ങളുടെ ഉപഭോഗം വർധിക്കുന്നതിലൂടെ വിപണി സജീവമാകാനും അതുവഴി സാമ്പത്തിക വളർച്ചയ്ക്ക് ആക്കംകൂട്ടാനും കഴിയാമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

2023 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം 600-ലധികം ഉത്പന്നങ്ങളാണ് ജിഎസ്ടിയുടെ 18 ശതമാനം സ്ലാബിന് കീഴിൽ വരുന്നത്. 12 ശതമാനം സ്ലാബിന് കീഴിൽ ഏകദേശം 275 ഉത്പന്നങ്ങളും അഞ്ച് ശതമാനം സ്ലാബിന് കീഴിൽ 280-ഓളം ഉത്പന്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും ഉയർന്ന നികുതി നിരക്കുള്ള 28 ശതമാനം സ്ലാബിന് കീഴിൽ 50-ലധികം ഉത്പന്നങ്ങളുണ്ട്. അതേസമയം മിന്റിന്റെ വാർത്തയെ കുറിച്ച് ധനമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

X
Top