മുംബൈ: ഫെബ്രുവരി 3 ന് അവസാനിച്ച ആഴ്ചയില്‍ ബുള്ളുകള്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി. സെന്‍സെക്സ് 1,510.98 പോയിന്റ് അഥവാ 2.54 ശതമാനം ഉയര്‍ന്ന് 60,841.88 ലും നിഫ്റ്റി 249.65 പോയിന്റ് അഥവാ 1.41 ശതമാനം ഉയര്‍ന്ന് 17,854 ലും ക്ലോസ് ചെയ്യുകയായിരുന്നു. ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 0.86 ശതമാനവും മിഡ്ക്യാപ് 0.45 ശതമാനവും ലാര്‍ജ്ക്യാപ് സൂചിക 0.42 ശതമാനവും ഉയര്‍ന്നു.
അതേസമയം ജനുവരിയിലെ കണക്കെടുത്താല്‍ യഥാക്രമം 2.5 ശതമാനം, 2.65 ശതമാനം, 3.6 ശതമാനം എന്നിങ്ങനെ താഴ്ചയാണ്. മേഖലകളില്‍ നിഫ്റ്റി എഫ്എംസിജി സൂചിക 3.5 ശതമാനവും നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 3.3 ശതമാനവും നിഫ്റ്റി ബാങ്ക് 2.86 ശതമാനവും നിഫ്റ്റി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 2.79 ശതമാനവും പ്രതിവാര നേട്ടമുണ്ടാക്കി. നിഫ്റ്റി ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 9 ശതമാനവും മെറ്റല്‍ സൂചിക 7.6 ശതമാനവും ഊര്‍ജ സൂചിക 6.3 ശതമാനവും ഇടിവ് നേരിട്ടു.
ജനുവരിയില്‍ ബിഎസ്ഇ സ്മോള്‍ക്യാപ് സൂചിക 2.5 ശതമാനമാണ് താഴ്ച വരിച്ചത്. 140 ഓഹരികള്‍ക്ക് 10-40 ശതമാനം പോയിന്റുകള്‍ നഷ്ടമായി. കിരി ഇന്‍ഡസ്ട്രീസ്, പിസി ജ്വല്ലര്‍, മ്യൂസിക് ബ്രോഡ്കാസ്റ്റ്, ഡിക്‌സണ്‍ ടെക്‌നോളജീസ്, ഹെറന്‍ബ ഇന്‍ഡസ്ട്രീസ്, മോറെപെന്‍ ലബോറട്ടറീസ്, ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ്, സെറിബ്ര ഇന്റഗ്രേറ്റഡ് ടെക്‌നോളജീസ് തുടങ്ങിയ ഓഹരികളാണ് 20 ശതമാനത്തിലധികം പൊഴിച്ചത്.
അതേസമയം മനാക്‌സിയ, ലോയ്ഡ്‌സ് സ്റ്റീല്‍സ് ഇന്‍ഡസ്ട്രീസ്, ബിസിഎല്‍ ഇന്‍ഡസ്ട്രീസ്, ജൂപ്പിറ്റര്‍ വാഗണ്‍സ്, ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് റക്റ്റിഫയേഴ്‌സ് ഇന്ത്യ, വിഎല്‍എസ് ഫിനാന്‍സ്, കെബിസി ഗ്ലോബല്‍, സൂര്യ റോഷ്‌നി, എസ്ഇപിസി എന്നിവ 30-50 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 14,445.02 കോടി രൂപയുടെ പ്രതിവാര വില്‍പന നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 14,184.51 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.