
ന്യൂഡൽഹി: കൃഷ്ണ ഗോദാവരി ബേസിൻ എണ്ണപ്പാടത്തിലെ പ്രകൃതിവാതക ഖനനവുമായി ബന്ധപ്പെട്ടു റിലയൻസ് ഇൻഡസ്ട്രീസിനു നഷ്ടപരിഹാരം നൽകാനുള്ള തർക്ക പരിഹാരക്കോടതിയുടെ വിധി ഡൽഹി ഹൈക്കോടതി റദ്ദാക്കി.
കേന്ദ്രസർക്കാരിന്റെ ഹർജി പരിഗണിച്ചാണു 1.729 ബില്യൻ ഡോളർ (14,973 കോടി രൂപ) നഷ്ടപരിഹാരം നൽകാനുള്ള വിധി ജസ്റ്റിസുമാരായ രേഖാ പാലി, സൗരഭ് ബാനർജി എന്നിവരുടെ ബെഞ്ച് റദ്ദാക്കിയത്.
പൊതുമേഖലാ സ്ഥാപനമായ ഒഎൻജിസിയുടെ പ്രകൃതി വാതക പാടങ്ങളിലെ ഖനനത്തിനു റിലയൻസും പങ്കാളികളായ ബിപി, നിക്കൊ എന്നീ കമ്പനികളും ചേർന്നു 2000ൽ കരാറിൽ ഏർപ്പെട്ടിരുന്നു. വരുമാനം പങ്കുവയ്ക്കുന്നതുൾപ്പെടെയുള്ള തരത്തിലായിരുന്നു കരാർ.
ബംഗാൾ ഉൾക്കടലിൽ ഒഎൻജിസിക്കുള്ള രണ്ട് എണ്ണപ്പാടങ്ങളിൽ നിന്നുള്ള വാതകം തൊട്ടടുത്ത റിലയൻസ് പാടത്തേക്ക് എടുത്ത് സംസ്കരിച്ചു വിൽപന നടത്തി റിലയൻസും പങ്കാളികളും അനർഹമായ നേട്ടം കൊയ്തുവെന്ന ആരോപണം 2013ൽ ഉയർന്നു. തുടർന്നു വിഷയം പരിശോധിച്ച റിട്ട ജസ്റ്റിസ് എ.പി. ഷാ അധ്യക്ഷനായ ബെഞ്ച് റിലയൻസ് നഷ്ടപരിഹാരം നൽകണമെന്ന് കണ്ടെത്തിയിരുന്നു.
ഇതിന്റെ ഫലമായി കേന്ദ്രസർക്കാർ 10,000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. പിന്നാലെ റിലയൻസ് രാജ്യാന്തര തർക്ക പരിഹാര കോടതിയിലെത്തി. 2018 ജൂലൈയിൽ തർക്കപരിഹാര കോടതി റിലയൻസിന് അനുകൂലമായി വിധിച്ചു.
ഇതിനെതിരെ കേന്ദ്രം ഡൽഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2023 മേയിൽ സിംഗിൾ ബെഞ്ച് വിധി ശരിവയ്ക്കുകയാണ് ചെയ്തത്. ഇതിനെതിരെയുള്ള അപ്പീലിലാണു കേന്ദ്രത്തിന് അനുകൂലമായുള്ള വിധി.