പാലക്കാട്: പഴം, പച്ചക്കറി വിപണികളില് ഓണക്കാല വിലക്കയറ്റം നിയന്ത്രിക്കാന് സംസ്ഥാനത്ത് 1,576 കര്ഷകച്ചന്തകള് തുറക്കും. ഇതിനാവശ്യമായ ഇടങ്ങള് കണ്ടെത്താനും തദ്ദേശീയരായ പഴം, പച്ചക്കറി കൃഷിക്കാരുമായി ധാരണയുണ്ടാക്കാനും ജില്ലാ കൃഷി ഓഫീസര്മാര്ക്ക് നിര്ദേശം ലഭിച്ചു. വിപണി ഇടപെടലിനായി ഓരോ ചന്തയ്ക്കും 65,000 രൂപ വീതം സാമ്പത്തികസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
കൃഷിവകുപ്പ് നേരിട്ടുനടത്തുന്ന 1,076 ചന്തകളുണ്ടാകും. ഇതിനുപുറമേ, ഹോര്ട്ടികോര്പ്പിന്റെ 350-ഉം വെജിറ്റബിള് ആന്ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്സിലിന്റെ (വി.എഫ്.പി.സി.കെ.) 150 വിപണികളുമാണ് തുറക്കുക. കൃഷിഭവന് തലത്തിലാണ് വിപണികള് തുറക്കുക.
മുന് വര്ഷങ്ങളില് നടത്തിയ ചന്തകളിലേറെയും കെടുകാര്യസ്ഥതമൂലം വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ സാഹചര്യത്തില് കര്ഷകക്കൂട്ടായ്മകള്, സന്നദ്ധസംഘങ്ങള് എന്നിവുമായി സഹകരിച്ച് മുന്നൊരുക്കത്തോടെയാകും ചന്തകള് തുറക്കുകയെന്ന് കൃഷിവകുപ്പ് ഉന്നതോദ്യോഗസ്ഥന് പറഞ്ഞു.
ജില്ലാ കൃഷി ഓഫീസര്മാരാണ് പ്രാദേശികതലത്തില് നടപടികള് ഏകോപിപ്പിക്കുക. ഇതിനായി 10.36 കോടി രൂപ ആദ്യഘട്ടത്തില് നീക്കിവെച്ചിട്ടുണ്ട്.
പൊതുവിപണിയിലെ വിലയേക്കാള് 10 ശതമാനംവരെ കൂട്ടി സംസ്ഥാനത്തെ കര്ഷകരില് നിന്ന് കൃഷിവകുപ്പ് ചന്തയിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും വാങ്ങുന്ന രീതിയാണ് നിലവിലുള്ളത്. വാങ്ങാനെത്തുന്നവര്ക്ക് വിപണിവിലയേക്കാള് പരമാവധി 30 ശതമാനം വരെ കുറച്ചു വില്ക്കുകയും ചെയ്യും. നാടന്പഴങ്ങളും പച്ചക്കറികളുമാണ് ഈ രീതിയില് വിപണനം നടത്തുന്നത്.