
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ച് രണ്ടുമാസം പിന്നിടുമ്പോള്‍, ലോകത്തെ വമ്പൻ മദർഷിപ്പുകള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറുന്നു. മുൻനിര കപ്പല്‍ കമ്പനികളുടെ വമ്പൻ കപ്പലുകളാണ് അടുത്ത മൂന്നുമാസങ്ങളില്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്.
മാർച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെയും (എം.എസ്.സി.) മെസ്കിന്റെയും വലിയ കപ്പലുകള്‍ എത്തുമെന്നാണ് വ്യക്തമാവുന്നത്.
20000-ലധികം ടി.ഇ.യു. ശേഷിയുള്ള 400 മീറ്ററിലധികം നീളമുള്ള എം.എസ്.സി.യുടെ 23 കപ്പലുകളാണ് ഈ കാലയളവില്‍ വിഴിഞ്ഞത്തേക്ക് ചാർട്ട് ചെയ്തിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി. ഐറിന ഉള്‍പ്പെടുന്ന എം.എസ്.സി.യുടെ ജേഡ് സർവീസില്‍ വിഴിഞ്ഞത്തെ ഉള്‍പ്പെടുത്തിയതോടെയാണ് ഇതിന് സാഹചര്യമൊരുങ്ങിയത്.
കഴിഞ്ഞമാസം നടന്ന കോണ്‍ക്ലേവില്‍ വിഴിഞ്ഞത്തെ പ്രധാനപ്പെട്ട തുറമുഖമായി കമ്പനി കണക്കാക്കുന്നതായി എം.എസ്.സി. പ്രതിനിധികള്‍ അറിയിച്ചിരുന്നു. ട്രയല്‍ റണ്‍ ഉള്‍പ്പെടെ അഞ്ചുമാസത്തിനിടെ വിഴിഞ്ഞത്ത് 170 കപ്പലുകളാണ് വന്നുപോയത്.
ലോകത്തെ തന്നെ വലിയ കപ്പലുകളായ എം.എസ്.സി.യുടെ കെയ്ല, ക്ലൗഡ് ജിറാർഡെറ്റ് എന്നിവയും ഉള്‍പ്പെടുന്നു. ഇത്രയും കപ്പലുകളിലായി 3.70 ലക്ഷം ടി.ഇ.യു. (20 അടിയുള്ള കണ്ടെയ്നർ) ചരക്ക് വിഴിഞ്ഞത്തെത്തി.
ഇത് ലോകത്തെ തന്നെ ഏത് പുത്തൻ തുറമുഖത്തേയും വെല്ലുന്നതാണ്. കൂടാതെ ജനുവരിയില്‍ ചരക്കുനീക്കത്തില്‍ വിഴിഞ്ഞം തുറമുഖം ദക്ഷിണേന്ത്യയില്‍ രണ്ടാം സ്ഥാനത്തെത്തി. ചെന്നൈ മാത്രമാണ് ദക്ഷിണേന്ത്യയില്‍ ഇക്കാര്യത്തില്‍ മുന്നിലുള്ളൂ.
ലോകത്തെ വലിയ തുറമുഖങ്ങളില്‍ മാത്രം അടുക്കുന്ന 24000-ലധികം ടി.ഇ.യു. ശേഷിയുള്ള മദർഷിപ്പുകളായ എം.എസ്.സി. തുർക്കിയെ ഏപ്രില്‍ ഒന്നിനും മൈക്കിള്‍ കാപ്പലിനി മേയ് അഞ്ചിനും ഐറിനാ 24-നും മരില്ലൊ 26-നും വിഴിഞ്ഞത്ത് എത്തും.
ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളുടെ നിരയില്‍പ്പെടുന്നതാണ് ഇവയെല്ലാം. 24000 ടി.ഇ.യു. ശേഷിയുള്ള എം.എസ്.സി.യുടെ മെറ്റ ഏപ്രില്‍ അഞ്ചിനും ടെസ്സ ഏഴിനും ഗെമ്മ 19-നും സെലസ്റ്റീനോ മരേസ 26-നും എത്തും.
ക്ലൗഡ് ജിറാർഡെറ്റ് മേയ് 12-നും ചൈന 19-നും നിക്കോളാ മാസ്ട്രോ ജൂണ്‍ രണ്ടിനും എത്തുമെന്നാണ് കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചിരിക്കുന്നത്. നാലു ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള കപ്പലുകളാണിവയൊക്കെ.
സാധാരണ ചെറിയ കപ്പലുകള്‍ വന്നടുക്കുന്നതുപോലെ മദർഷിപ്പുകള്‍ക്ക് ആയാസം കൂടാതെ എത്താൻ കഴിയുമെന്നതാണ് വിഴിഞ്ഞത്തെ വമ്പൻ കമ്പനികളുടെ ഇഷ്ടയിടമാകാൻ കാരണം.
ഡ്രാഫ്ട് (ആഴം) കൂടിയ മദർഷിപ്പുകളുടെ വരവും പോക്കും കൂടുതല്‍ എളുപ്പവുമാണ്.
സ്വാഭാവിക ആഴം 20 മീറ്റർ ആയതിനാല്‍ മദർഷിപ്പുകള്‍ക്ക് എളുപ്പത്തില്‍ വന്ന് മടങ്ങിപ്പോകാമെന്നതും ഓട്ടോമാറ്റഡ് ക്രെയിൻ സംവിധാനമായതിനാല്‍ കയറ്റിറക്കുമതിയില്‍ വലിയ തോതില്‍ സമയലാഭമുണ്ടാകുന്നതും കപ്പല്‍ കമ്പനികള്‍ക്ക് ഗുണകരമാണ്.