മുംബൈ: എംഎസ്‌സിഐ സൂചികയിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ് ഉയര്‍ത്തും. ഇതോടെ ഈ ഓഹരിയില്‍ 188 കോടി ഡോളര്‍ നിക്ഷേപം എത്താനുള്ള സാധ്യതയുണ്ട്.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ് ഉയര്‍ത്തുന്നതിന് പുറമെ അദാനി ഗ്രീന്‍ എനര്‍ജി സൊല്യൂഷന്‍സ്, കല്യാണ്‍ ജ്വല്ലേഴ്‌സ്, ബിഎസ്‌ഇ, അല്‍കം ലാബ്‌സ്, ഒബ്‌റോയി റിയാല്‍റ്റി തുടങ്ങിയ ഓഹരികള്‍ എംഎസ്‌സിഐ ഗ്ലോബല്‍ സ്‌റ്റാന്‍ഡേര്‍ഡ് സൂചികയില്‍ ഇടം പിടിക്കാനും സാധ്യതയുണ്ട്.
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 25ന് ആയിരിക്കും സൂചികയിലെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്. വോള്‍ട്ടാസിനെയും എംഎസ്‌സിഐ ഗ്ലോബല്‍ സ്‌റ്റാന്‍ഡേര്‍ഡ് സൂചികയില്‍ ഉള്‍പ്പെടുത്താന്‍ ചെറിയ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.
എംഎസ്‌സിഐ സൂചികയില്‍ ഇടം പിടിക്കുന്നതോടെ അദാനി എനര്‍ജി സൊല്യൂഷന്‍സില്‍ 306 ദശലക്ഷം ഡോളര്‍ നിക്ഷേപം എത്താനിടയുണ്ട്. ബിഎസ്‌ഇയില്‍ 257 ദശലക്ഷം ഡോളറും ഒബ്‌റോയ് റിയാല്‍റ്റിയില്‍ 218 ദശലക്ഷം ഡോളറും അല്‍കെമില്‍ 211 ദശലക്ഷം ഡോളറും കല്യാണ്‍ ജ്വല്ലേഴ്‌സില്‍ 210 ദശലക്ഷം ഡോളറും നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വോള്‍ട്ടാസിനെ സൂചികയില്‍ ഉള്‍പ്പെടുത്തിയാല്‍ 306 ദശലക്ഷം ഡോളറിന്റെ നിക്ഷേപം എത്തിയേക്കും.
എംഎസ്‌സിഐ സ്‌മോള്‍ക്യാപ് സൂചികയില്‍ നിരവധി പുതിയ കമ്പനികള്‍ ഉള്‍പ്പെടുത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെയിന്‍ബീസ് സൊല്യൂഷന്‍സ്, ഓല ഇലക്ട്രിക്, ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍, യൂറേക്ക ഫോര്‍ബ്‌സ്, ആധാര്‍ ഹൗസിംഗ്, പിസി ജ്വല്ലേഴ്‌സ്, ജെഎസ്‌ഡബ്ല്യു ഹോള്‍ഡിംഗ്‌സ്, അലൈഡ് ബ്ലെന്‍ഡേഴ്‌സ് എന്നിവയ്‌ക്കാണ് സാധ്യത.
ഈ കമ്പനികള്‍ സൂചികയില്‍ ഇടം പിടിച്ചാല്‍ ഏകദേശം 106 ദശലക്ഷം ഡോളറിന്റെ നിക്ഷേപം എത്തും.
ഫ്യൂഷന്‍ ഫിനാന്‍സ്, ടിസിഐ എക്‌സ്‌പ്രസ്, സാനോഫി കണ്‍സ്യൂമര്‍, ഹിറ്റാച്ചി എനര്‍ജി, ഹിന്ദുജ ഗ്ലോബല്‍ തുടങ്ങിയ കമ്പനികളെ സൂചികയില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്.