തിരുവനന്തപുരം: സാമൂഹികസുരക്ഷാ പെൻഷൻ നൽകാൻ സർക്കാർ സഹകരണ സംഘങ്ങളിൽനിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. ഇതിനായി സഹകരണ സംഘങ്ങളുടെ പുതിയ കൺസോർഷ്യമുണ്ടാക്കാൻ ധനവകുപ്പ് അനുമതി നൽകി.
കണ്ണൂരിലെ മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കാണ് ഫണ്ട് മാനേജർ എന്നനിലയിൽ കൺസോർഷ്യത്തിന് രൂപം നൽകുക. സഹകരണസംഘങ്ങൾക്ക് ഈ കൺസോർഷ്യത്തിൽ അംഗങ്ങളാവാം.
മുമ്പും ഇത്തരം കൺസോർഷ്യം രൂപവത്കരിച്ച് സർക്കാർ വായ്പയെടുത്തിരുന്നു. അന്ന് മണ്ണാർക്കാട് റൂറൽ ബാങ്കായിരുന്നു ഫണ്ട് മാനേജർ. ആറുമാസത്തേക്ക് മാസം 8.8 ശതമാനം പലിശനിരക്കിലാണ് വായ്പയെടുക്കുക. ഇതിന് സർക്കാർ ഗാരന്റി നൽകും.
ആറുമാസം കഴിയുമ്പോൾ പണം മടക്കിനൽകാനായില്ലെങ്കിൽ വായ്പ പുതുക്കും. കൺസോർഷ്യത്തിൽ സ്ഥിരം അംഗങ്ങളുണ്ടാകില്ല. ഒരിക്കൽ ചേർന്നവ മാറുകയും പുതിയസംഘങ്ങൾ വരുകയും ചെയ്യാം.
സാമൂഹികസുരക്ഷാ പെൻഷൻ വിതരണംചെയ്യാൻ രൂപവത്കരിച്ച സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയാണ് വായ്പയെടുക്കുന്നത്. ഇങ്ങനെ എടുക്കുന്ന വായ്പകൾ സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പുപരിധിയിൽ കേന്ദ്രം കുറയ്ക്കും.
നിലവിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ കുടിശ്ശികയാണ്.