വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

വിദേശ നിക്ഷേപകര്‍ ഫെബ്രുവരിയില്‍ ഇതുവരെ പിന്‍വലിച്ചത്‌ 21,272 കോടി

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയില്‍ ഇതുവരെ 21,272 കോടി രൂപയുടെ വില്‍പ്പനയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌.

ഇറക്കുമതികള്‍ക്ക്‌ തീരുവ ഏര്‍പ്പെടുത്തിയ യുഎസ്സിന്റെ നടപടിയെ തുടര്‍ന്ന്‌ ആഗോള വ്യാപാര രംഗത്തുണ്ടായ ആശങ്കയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയ്‌ക്ക്‌ ശക്തി കൂട്ടിയത്‌.

2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌. ജനുവരിയില്‍ 78,027 കോടി രൂപയുടെ ഓഹരികളാണ്‌ അവ വിറ്റത്‌.

സ്റ്റീലിനും അലൂമിനിയത്തിനുമുള്ള ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്നും 25 ശതമാനമായി ഉയര്‍ത്തിയ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ നടപടിയാണ്‌ പ്രധാനമായും കഴിഞ്ഞയാഴ്‌ച വിപണിയെ പ്രതികൂലമായി ബാധിച്ച ഘടകം.

ഇത്‌ ലോകവ്യാപകമായി തീരുവ യുദ്ധത്തിലേക്ക്‌ എത്തുന്നതിന്‌ വഴിയൊരുക്കുമെന്ന ആശങ്ക ഓഹരി വിപണിയെ പിടിച്ചുലച്ചു. യുഎസ്‌ സെന്‍ട്രല്‍ ബാങ്കായ ഫെഡറല്‍ റിസര്‍വ്‌ പലിശനിരക്ക്‌ കുറയ്‌ക്കുമെന്ന പ്രതീക്ഷ മങ്ങിയതും ഓഹരി വിപണിക്ക്‌ തിരിച്ചടിയായി.

പണപ്പെരുപ്പം കുറയുകയാണെങ്കില്‍ മാത്രമേ പലിശനിരക്ക്‌ കുറയ്‌ക്കാന്‍ നടപടിയുണ്ടാകുകയുള്ളൂവെന്നാണ്‌ യുഎസ്‌ ഫെഡ്‌ ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയത്‌.

ഡോളര്‍ സൂചിക ശക്തിയാര്‍ജിച്ചതും യുഎസ്‌ ബോണ്ട്‌ യീല്‍ഡ്‌ ഉയരുന്നതും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയ്‌ക്ക്‌ ആക്കം കൂട്ടി. ഇന്ത്യ പോലുള്ള വളരുന്ന വിപണികളില്‍ നിന്ന്‌ നിക്ഷേപം പിന്‍വലിക്കുകയും യുഎസ്‌ വിപണിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രവണതയാണ്‌ ഇപ്പോള്‍ കാണുന്നത്‌.

ഡോളര്‍ സൂചികയും യുഎസ്‌ ബോണ്ട്‌ യീല്‍ഡും താഴേക്ക്‌ വരുമ്പോള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന കുറയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

പൊതുവെ സ്വാഗതം ചെയ്യപ്പെട്ട കേന്ദ്രബജറ്റും പലിശനിരക്ക്‌ കുറച്ച ആര്‍ബിഐ നടപടിയും പൊതുവെ രാജ്യത്തിനകത്തെ സാഹചര്യം മെച്ചപ്പെടുന്നതിന്റെ സൂചനകളായാണ്‌ പരിഗണിക്കേണ്ടത്‌.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിച്ചെടുത്തത്‌ രാഷ്‌ട്രീയ സ്ഥിരത ആര്‍ജിക്കുന്നതിന്റെ സൂചനയാണ്‌. അതേ സമയം ആഗോള തലത്തിലുള്ള ആശങ്കയ്‌ക്ക്‌ അയവ്‌ വരാതെ ഈ അനുകൂല ഘടകങ്ങളെ വിപണി പരിഗണിക്കില്ലെന്ന സൂചനയാണ്‌ ലഭിക്കുന്നത്‌.

X
Top