ന്യൂഡൽഹി: രൂപയില്‍ ഉഭയകക്ഷി വ്യാപാരം നടത്തുന്നതിന് 22 രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. ”കൂടാതെ, ആ രാജ്യങ്ങളില്‍ പലതിനും ഡോളറിന്റെ കരുതല്‍ ശേഖരത്തില്‍ കുറവുണ്ട്.
പക്ഷേ, അവരുടെ അടിസ്ഥാന വ്യാപാരം നിര്‍ത്താന്‍ കഴിയില്ല. അതിനാല്‍ അവര്‍ ഇന്ത്യന്‍ രൂപയെ സ്ഥിരതയുള്ള കറന്‍സിയായി കാണുന്നു,” എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി പറഞ്ഞു.
വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍ ഇന്ത്യ നന്നായി മനസ്സിലാക്കുന്നുണ്ടെന്നും അവരെ ആഗോള വികസന അജണ്ടയിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതാണ് ഇന്ത്യന്‍ സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ”അവരുടെ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രൂപയില്‍ വ്യാപാരം നടത്താന്‍ നമ്മളുമായി ചര്‍ച്ച നടത്തുന്നത് എളുപ്പമാണെന്ന് അവര്‍ കരുതുന്നു,”മന്ത്രി പറഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് ഡോളറിലല്ലാതെ ഇടപാടുകള്‍ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. റഷ്യയ്‌ക്കെതിരെ ഏകപക്ഷീയമായ ഉപരോധം ഏര്‍പ്പെടുത്തിയതിന് ശേഷം ആഗോള വ്യാപാര സംവിധാനത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ കുത്തകയില്‍ മറ്റുരാജ്യങ്ങള്‍ ബുദ്ധിമുട്ടിലായി.
കഴിഞ്ഞയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന ചരിത്രപ്രധാനമായ ജി20 ഉച്ചകോടി വിജയകരമായതിനെയും ധനമന്ത്രി പ്രശംസിച്ചു. ഇത് ബഹുമുഖത്വത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ജി20 ഉച്ചകോടി കൈകാര്യം ചെയ്തതിലെ പക്വത അതിനെ ചരിത്രപരമാക്കി തീര്‍ത്തതായി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇന്ത്യയുടെ നേതൃത്വത്തില്‍ കൂടുതല്‍ സ്ത്രീകളടങ്ങിയ സംഘമാണ് ഉച്ചകോടി മികച്ചരീതിയില്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു.