കൊച്ചി: വൻ നിക്ഷേപം പ്രതീക്ഷിക്കുന്ന അമ്പലമുകൾ കിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെയെത്തിയത് 227.77 കോടി രൂപയുടെ വ്യവസായ നിക്ഷേപം. ലക്ഷ്യമിടുന്നതു 10,000 കോടിയോളം രൂപയുടെ നിക്ഷേപവും 20,000 തൊഴിൽ അവസരങ്ങളും.
ഇതുവരെ സ്ഥലം അലോട്ട് ചെയ്ത 17 സ്ഥാപനങ്ങളിൽ മൂന്നെണ്ണം പ്രവർത്തനം ആരംഭിച്ചു; മെറ്റാ4 ഹൈഡ്രോകാർബൺസ്, ഏഷ്യാറ്റിക് പോളിമർ ഇൻഡസ്ട്രീസ്, ടാർടെക് ബിറ്റുമിൻ മിക്സിങ് പ്ലാന്റ് എന്നിവ. ഇതുവഴി ലഭിച്ചതു നൂറിലേറെ തൊഴിൽ അവസരങ്ങൾ.
ഏതാനും യൂണിറ്റുകൾ കൂടി ഉടൻ സജ്ജമാകും. പാർക്കിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാകുമെന്നാണു പ്രതീക്ഷ.
17 സ്ഥാപനങ്ങൾക്കായി 199.8 ഏക്കർ ഭൂമിയാണ് അലോട്ട് ചെയ്തിട്ടുള്ളത്. ബിപിസിഎൽ കൊച്ചി റിഫൈനറിയുടെ നിർദിഷ്ട പോളിപ്രൊപ്പിലിൻ പ്ലാന്റിനാണു 170 ഏക്കർ സ്ഥലം. 5,000 കോടിയിലേറെ രൂപ മുതൽമുടക്കു പ്രതീക്ഷിക്കുന്ന പ്ലാന്റ് യാഥാർഥ്യമാകുന്നതോടെ, പെട്രോകെമിക്കൽ പാർക്കിലേക്കു വലിയ തോതിൽ നിക്ഷേപം എത്താൻ സാധ്യതയേറെ.
ചെറുകിട, ഇടത്തരം പ്ലാസ്റ്റിക് വ്യവസായ യൂണിറ്റുകൾക്കും പാർക്കിൽ വലിയ സാധ്യതയാണു വിലയിരുത്തപ്പെടുന്നത്.
പാർക്കിന്റെ സ്ഥലമേറ്റെടുപ്പിന് 977.47 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു; നിർമാണ പ്രവർത്തനങ്ങൾക്കായി 202 കോടി രൂപയും. റോഡ് നിർമാണം 40% പൂർത്തിയായി.
ഓഫിസ് മന്ദിരം, 33 കെവി സബ്സ്റ്റേഷൻ കെട്ടിടം, വാട്ടർ സബ് ടാങ്ക് എന്നിവയുടെ സ്ട്രക്ചറൽ ജോലികൾ പൂർത്തിയായി.