ന്യൂഡൽഹി: ചെറുകിട സംരംഭകർക്ക് സഹായമേകുന്ന പ്രധാൻ മന്ത്രി മുദ്ര യോജന (പി.എം.എം.വൈ) വായ്പകളുടെ വിതരണത്തിൽ വൻ വർദ്ധന. 2024 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) 23 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) ആദ്യ പാദത്തിലെ 62,650 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഈവർഷം 81,597 കോടി രൂപയുടെ മുദ്ര വായ്പകളാണ് വിതരണം ചെയ്തത്.
മുദ്ര സ്കീം ആരംഭിച്ചതിന് ശേഷം ആദ്യ പാദ വിതരണത്തിലെ എക്കാലത്തെയും ഉയർന്ന വർദ്ധനയാണിത്, തരുൺ വിഭാഗത്തിലെ ലോണുകളുടെ എണ്ണമാണ് ഏറ്റവും കൂടിയത്.
ആദ്യപാദത്തിൽ 1.03 കോടി അക്കൗണ്ടുകളിലായി 86,513.86 കോടി രൂപയുടെ മുദ്ര വായ്പകളാണ് അനുവദിച്ചു. ഇതിൽ 81,597 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതിൽ 37,600 കോടി രൂപയും തരുൺ വിഭാഗത്തിലാണ്.
മുൻവർഷത്തേക്കാൾ 34.7 ശതമാനം വർദ്ധനയോടെ 4.50 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വർഷം വിതരണം ചെയ്തത്. 2021-22ൽ വായ്പ 3.31 ലക്ഷം കോടി രൂപയായിരുന്നു.
മുദ്ര വായ്പയെടുക്കുന്നവരിൽ കേരളത്തിലും വൻ വർദ്ധനയുണ്ടായി. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 2,943.56 കോടി രൂപയുടെ മുദ്ര വായ്പ സംസ്ഥാനത്ത് വിതരണം ചെയ്തു.
ഈ കാലയളവിൽ ആകെ 3.23 ലക്ഷം അക്കൗണ്ടുകളിലായി 3,055.41 കോടി രൂപയുടെ വായ്പകൾ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ കൂടുതൽ വിതരണം ചെയ്തത് കിഷോർ വിഭാഗത്തിലെ വായ്പകളാണ്.
കിഷോർ വിഭാഗത്തിൽ 1.47 ലക്ഷം സംരംഭകർക്ക് 1,529.96 കോടി രൂപയാണ് വിതരണം ചെയ്തത്. ശിശു വിഭാഗത്തിൽ 1.67 ലക്ഷം സംരംഭകർക്ക് മൊത്തം 613.25 കോടി രൂപ വായ്പ നൽകി.
തരുൺ വിഭാഗത്തിൽ 8,445 സംരംഭകർക്ക് വിതരണം ചെയ്തത് 800.35 കോടി രൂപയാണ്.