ന്യൂഡൽഹി: നവംബറില്‍ രാജ്യത്തെ സസ്യ എണ്ണകളുടെ ഇറക്കുമതി 25 ശതമാനം കുറഞ്ഞ് 1.1 ദശലക്ഷം ടണ്ണിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 1.5 ദശലക്ഷം ടണ്ണായിരുന്നു. മൊത്തം സസ്യ എണ്ണ ഇറക്കുമതിയില്‍, നവംബറില്‍ ഭക്ഷ്യ എണ്ണകള്‍ 1.1 ദശലക്ഷം ടണ്ണും ഭക്ഷ്യേതര എണ്ണകള്‍ 12,498 ടണ്ണും ആയിരുന്നു.
സസ്യ എണ്ണ വാങ്ങുന്നതില്‍ ലോകത്തെ മുന്‍നിര രാജ്യമാണ് ഇന്ത്യ. ഭക്ഷ്യ എണ്ണ വിഭാഗത്തില്‍ ശുദ്ധീകരിച്ചതും അസംസ്‌കൃതവുമായ സസ്യ എണ്ണകള്‍ രാജ്യം ഇറക്കുമതി ചെയ്യുന്നു. നവംബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഒരു എണ്ണ വര്‍ഷമായി കണക്കാക്കുന്നത്.
സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ)യുടെ കണക്കുകള്‍ പ്രകാരം രാജ്യത്തെ അസംസ്‌കൃത സസ്യ എണ്ണകളുടെ ഇറക്കുമതി ഈ വര്‍ഷം നവംബറില്‍ 26.34 ശതമാനം ഇടിഞ്ഞ് 0.9 ദശലക്ഷം ടണ്ണിലെത്തി. മുന്‍വര്‍ഷം ഇത് 1.3 ദശലക്ഷം ടണ്ണായിരുന്നു.
അതുപോലെ, ശുദ്ധീകരിച്ച സസ്യ എണ്ണ ഇറക്കുമതി ഈ വര്‍ഷം നവംബറില്‍ 15.41 ശതമാനം കുറഞ്ഞ് 1,71,069 ടണ്ണായി.
അസംസ്‌കൃത സസ്യ എണ്ണകളില്‍, ആര്‍ബിഡി പാമോലിന്‍ ഇറക്കുമതി വംബറില്‍ 0.202 ദശലക്ഷം ടണ്ണില്‍ നിന്ന് 0.17 ദശലക്ഷം ടണ്ണായി കുറഞ്ഞു.
ക്രൂഡ് പാം ഓയിലും (സിപിഒ) ശുദ്ധീകരിച്ച എണ്ണയും തമ്മിലുള്ള നിലവിലെ ഇറക്കുമതി തീരുവ വ്യത്യാസം 8.25 ശതമാനമാണ്. ഇത് രാജ്യത്തേക്ക് ശുദ്ധീകരിച്ച പാമോലിയന്‍ ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നതായി എസ്ഇഎ പറഞ്ഞു.
ഫിനിഷ്ഡ് ചരക്കുകളുടെ ഈ ഇറക്കുമതി നമ്മുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും നമ്മുടെ ശുദ്ധീകരണ വ്യവസായത്തിന്റെ ശേഷി വിനിയോഗത്തെ അത് സാരമായി ബാധിക്കുന്നുവെന്നും എസ്ഇഎ പ്രസ്താവനയില്‍ പറഞ്ഞു.