Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

25,000 കോടി കവിഞ്ഞ് എസ്ഐപി നിക്ഷേപം

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിലെ കടുത്ത പ്രതിസന്ധികള്‍ക്കിടയിലും സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്റ്‌മെന്റ് പ്ളാനുകളിലൂടെ(എസ്.ഐ.പി) മ്യൂച്വല്‍ ഫണ്ടുകളിലെത്തുന്ന നിക്ഷേപം ചരിത്രത്തിലാദ്യമായി 25,000 കോടി രൂപ കവിഞ്ഞു.

അസോസിയേഷൻ ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഒഫ് ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച്‌ ഒക്ടോബറില്‍ എസ്.ഐ.പി നിക്ഷേപം 25,322.74 കോടി രൂപയാണ്. സെപ്‌തംബറില്‍ 24,509 കോടി രൂപയായിരുന്നു. എസ്.ഐ.പി അക്കൗണ്ടുകളുടെ എണ്ണം 10.12 കോടിയാണ്.

ഒക്ടോബറില്‍ പുതുതായി 24.19 ലക്ഷം എസ്.ഐ.പി അക്കൗണ്ടുകളാണ് തുറന്നത്. വിവിധ എസ്.ഐ.പികളുടെ കൈവശമുള്ള ആസ്‌തി സെപ്തംബറില്‍ 13.30 ലക്ഷം കോടി രൂപയായി ഉയർന്നു.

രാജ്യത്തെ ഓഹരി വിപണി കൊവിഡിന് ശേഷം ചരിത്ര മുന്നേറ്റം നടത്തിയതോടെയാണ് ചെറുകിട നിക്ഷേപകർ എസ്.ഐ.പികള്‍ വഴിയുള്ള പണമൊഴുക്കിന് വേഗത വർദ്ധിപ്പിച്ചത്. മൂന്ന് വർഷത്തിനിടെ ഇന്ത്യൻ ഓഹരി വിപണിയില്‍ 200 ശതമാനത്തിലധികം വളർച്ചയാണുണ്ടായത്.

2016 ‌ഏപ്രിലില്‍ പ്രതിമാസം എസ്.ഐ.പി നിക്ഷേപമായി 3,122 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നത്. 2020 മാർച്ചില്‍ എസ്.ഐ.പി നിക്ഷേപം 8,500 കോടി രൂപയായി ഉയർന്നു. 2021 സെപ്തംബറില്‍ എസ്.ഐ.പി നിക്ഷേപം 10,000 കോടി രൂപയും 2024 ഏപ്രിലില്‍ 20,000 കോടി രൂപയായും ഉയർന്നു.
ആഭ്യന്തര നിക്ഷേപകർ കരുത്താർജിക്കുന്നു.

ഒക്ടോബറില്‍ ആഭ്യന്തര നിക്ഷേപകർ വിവിധ മ്യൂച്വല്‍ ഫണ്ടുകളിലൂടെ 41,887 കോടി രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിലെത്തിച്ചത്. സെപ്‌തംബറിനേക്കാള്‍ 21 ശതമാനം വർദ്ധനയാണ് നിക്ഷേപത്തിലുണ്ടായത്.

ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്കുള്ള നിക്ഷേപ വളർച്ച 44 മാസമായി തുടരുകയാണ്. ഓരോ മാസവും പുതിയ നിക്ഷേപകർ രംഗത്തെത്തുന്നതിനാല്‍ ഏതൊരു കൊടുങ്കാറ്റും നേരിടാൻ ഇന്ത്യൻ ഓഹരി വിപണിക്ക് ശക്തി ലഭിക്കുകയാണ്.

വിദേശ നിക്ഷേപ പിന്മാറ്റത്തിലും പതറാതെ നിക്ഷേപകർ
ഒക്‌ടോബറില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 92,000 കോടി രൂപ പിൻവലിച്ചിട്ടും ഇന്ത്യൻ ഓഹരി വിപണി തകരാതിരുന്നത് ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്കിന്റെ കരുത്തിലാണ്.

ഓഹരി സൂചികകള്‍ ആറ് ശതമാനത്തിലധികം ഇടിവ് നേരിടുമ്പോഴും മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിലെ വർദ്ധന പ്രതീക്ഷ നല്‍കുന്നതാണെന്ന് അനലിസ്‌റ്റുകള്‍ പറയുന്നു.

മ്യൂച്വല്‍ ഫണ്ടുകളിലെ ഒക്ടോബറിലെ മൊത്തം നിക്ഷേപം- 41,887 കോടി രൂപ

X
Top