2024 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ടുകള്‍ക്കായുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പട്ടിക ധനമന്ത്രാലയത്തിന്‍റെ സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കി.
പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലുള്ള പിപിഎഫ് അക്കൗണ്ടുകള്‍ക്കായുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകളുള്ള വ്യക്തികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
1) പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള പിപിഎഫ് പലിശ
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിനുള്ള പലിശ നിരക്കായിരിക്കും പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലുള്ള പിപിഎഫ് അക്കൗണ്ടുകള്‍ക്ക് 18 വയസ്സ് വരെ ബാധകമായിരിക്കുക. അതിനുശേഷം സാധാരണ പിപിഎഫ് നിരക്കുകള്‍ ലഭിക്കും.
പ്രായപൂര്‍ത്തിയാകാത്തയാള്‍ പ്രായപൂര്‍ത്തിയായ തീയതി മുതല്‍, അവര്‍ സ്വന്തം സാധാരണ അക്കൗണ്ട് തുറക്കാന്‍ യോഗ്യത നേടുമ്പോള്‍, മെച്യൂരിറ്റി കാലയളവ് കണക്കാക്കും.
2) ഒരാള്‍ക്ക് ഒന്നിലധികം പിപിഎഫ് അക്കൗണ്ട്
ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍, പ്രാഥമിക അക്കൗണ്ടിലെ നിക്ഷേപത്തിന് പലിശ ലഭിക്കും.
പ്രൈമറി അക്കൗണ്ട് ബാലന്‍സ,് ബാധകമായ നിക്ഷേപ പരിധിക്ക് താഴെയാണെങ്കില്‍, രണ്ടാമത്തെ അക്കൗണ്ടിന്‍റെ ബാലന്‍സ് അതുമായി കൂട്ടിച്ചേര്‍ക്കപ്പെടും.പ്രാഥമിക അക്കൗണ്ടിന് നിലവിലുള്ള പലിശ നിരക്ക് തുടര്‍ന്നും ലഭിക്കുമ്പോള്‍ രണ്ടാമത്തെ അക്കൗണ്ടിന്‍റെ അധിക ബാലന്‍സിന് പലിശ ഉണ്ടായിരിക്കില്ല.
പ്രാഥമിക അക്കൗണ്ടിനും രണ്ടാമത്തെ അക്കൗണ്ടിനും പുറമെ മറ്റ് അക്കൗണ്ടുകള്‍ക്ക് പലിശ ലഭിക്കില്ല.
3) എന്‍ആര്‍ഐകളുടെ പിപിഎഫ് അക്കൗണ്ട്
ഫോറം എച്ച് ഉള്ള എന്‍ആര്‍ഐ അക്കൗണ്ട് ഉടമകള്‍ക്ക് 2024 സെപ്റ്റംബര്‍ 30 വരെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിനുള്ള പലിശ ലഭിക്കും, അതിനുശേഷം പലിശയില്ല.
എന്താണ് പിപിഎഫ്?
നികുതി ഇളവ് ലഭിക്കുന്നതിനുള്ള ഏറെ ആകര്‍ഷകമായ നിക്ഷേപമായാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് കണക്കാക്കപ്പെടുന്നത്. പിപിഎഫില്‍ നിക്ഷേപിക്കുന്നതിലൂടെ, ഗ്യാരണ്ടീഡ് റിട്ടേണുകള്‍ക്കൊപ്പം നികുതി ഇളവിന്‍റെ ആനുകൂല്യവും ലഭിക്കും.
മൊത്തം 15 വര്‍ഷത്തേക്ക് പിപിഎഫില്‍ നിക്ഷേപിക്കാം. നിക്ഷേപകര്‍ക്ക് എല്ലാ വര്‍ഷവും 500 രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ അവസരം ഉണ്ട്. നിക്ഷേപിച്ച തുകയുടെ 7.1 ശതമാനം പലിശ ലഭിക്കും.
ഇതോടൊപ്പം, പിപിഎഫില്‍ നിക്ഷേപിക്കുമ്പോള്‍,ആദായനികുതിയുടെ സെക്ഷന്‍ 80 സി അനുസരിച്ച് ആദായനികുതി ഇളവ് ലഭിക്കും. 15 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 40.68 ലക്ഷം രൂപ ലഭിക്കും.
അതേ സമയം നിക്ഷേപിക്കുന്ന തുക 22.50 ലക്ഷം രൂപ മാത്രമാണ്, അതിന് 18.18 ലക്ഷം രൂപ പലിശയായി ലഭിക്കും.
20 വയസ്സില്‍ ഒരാള്‍ എല്ലാ വര്‍ഷവും 1.5 ലക്ഷം രൂപ പിപിഎഫില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍, അയാള്‍ക്ക് അടുത്ത 25 വര്‍ഷത്തിനുള്ളില്‍, അതായത് 45 വയസ്സില്‍ കോടീശ്വരനാകാം. ഇതിനുശേഷം, വേണമെങ്കില്‍, റിട്ടയര്‍മെന്‍റ് വരെ ഈ തുക പിപിഎഫില്‍ വീണ്ടും നിക്ഷേപിക്കാം.