ദില്ലി: പത്ത് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ഗോതമ്പിന്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാൻ സർക്കാർ.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ, അവശ്യസാധനങ്ങളുടെ വില സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിമാരുടെ സമിതി (കോഎം) യോഗത്തിലാണ് തീരുമാനം.
ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് (ഒഎംഎസ്എസ്) കീഴിലുള്ള ഇ-ലേലത്തിലൂടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കിൽ നിന്നുള്ള ഗോതമ്പ് വിൽപ്പന അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കും, രണ്ട് മാസത്തിനുള്ളിൽ മുഴുവൻ അളവും വിപണിയിൽ ഇറക്കും.
ഇത് മാവ് മില്ലർമാർ, വ്യാപാരികൾ തുടങ്ങി, ഗോതമ്പ് മൊത്തത്തിൽ വാങ്ങുന്നവർക്ക് ക്വിന്റലിന് 2,350 രൂപ എന്ന നിരക്കിൽ നൽകും. അതേസമയം, ഗതാഗതച്ചെലവ് വാങ്ങുന്നവർ വഹിക്കണം.
പരമാവധി വില പറഞ്ഞ ലേലക്കാർക്ക് ഗോതമ്പ് ലഭിക്കും എന്നിരുന്നാലും, കുറച്ച് പേർക്ക് മാത്രം മുഴുവൻ ഗോതമ്പും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, വാങ്ങുന്നയാൾക്ക് പരമാവധി 3,000 ടൺ മാത്രമേ നൽകൂ. അതായത് ഒരു എഫ്സിഐ മേഖലയിൽ നിന്ന് ഒരാൾക്ക് പരമാവധി 3,000 ടൺ ലേലത്തിൽ അനുവദിക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ഫെഡറേഷനുകൾ, കേന്ദ്രീയ ഭണ്ഡാർ, നാഫെഡ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്ക് ഇ-ലേലം കൂടാതെ ക്വിന്റലിന് 2,350 രൂപ നിരക്കിൽ ഗോതമ്പ് ഇളവ് നൽകും.
അതേസമയം, ഗോതമ്പ് ആട്ടയാക്കി മട്ടായി അത് കിലോയ്ക്ക് 29.5 രൂപയ്ക്ക് എംആർപി നിരക്കിൽ പൊതുജനങ്ങൾക്ക് നൽകുന്നതിന് അവർ ഉടമ്പടി നൽകേണ്ടിവരും. ഗോതമ്പിന്റെ ശരാശരി ചില്ലറ വിൽപന വില കിലോയ്ക്ക് 33.3 രൂപയായിരുന്നപ്പോൾ ആട്ട കിലോയ്ക്ക് 38 രൂപയായിരുന്നു.