മലപ്പുറം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരള ഗ്രാമീൺ ബാങ്കിന്റെ അറ്റാദായം 162 ശതമാനം വളർച്ചയോടെ 325 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇത് 124 കോടിയായിരുന്നു.
പ്രവർത്തന ലാഭം 412 കോടി രൂപയിൽ നിന്നും 31% വളർച്ചയോടെ 539 കോടിയായി. മൂലധന പര്യാപ്തത അനുപാതം (സി.ആർ.എ.ആർ) 11.41ശതമാനത്തിൽ നിന്നും 13.10 ആയി വർദ്ധിച്ചു.
ഈ സാമ്പത്തിക വർഷത്തിൽ നെറ്റ് ഇന്ററസ്റ്റ് ഇൻകം (എൻ.ഐ.ഐ) 12.31 ശതമാനം വളർച്ച രേഖപ്പെടുത്തി. നെറ്റ് ഇന്ററസ്റ്റ് മാർജിൻ (എൻ.ഐ.എം) കഴിഞ്ഞ സാമ്പത്തിക വർഷത്തെ 3.89 ശതമാനത്തിൽ നിന്നും 4.03 ആയി മെച്ചപ്പെട്ടു.
ആസ്തികളിൽ നിന്നുള്ള വരുമാനം (ആർ.ഒ.ഇ) മുൻ മാർച്ചിലെ 0.46 ശതമാനത്തിൽ നിന്നും 1.14 ശതമാനമായി ഉയർന്നു.
മൊത്തം നിക്ഷേപം 21,954 കോടി
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ഗ്രോസ് എൻ.പി.എ) 2.26 ശതമാനമാണ്. ബാങ്കിന്റെ മൊത്തം ബിസിനസ് 43,839 കോടിയിലെത്തി. ബാങ്കിന്റെ ഉപഭോക്തൃ അടിത്തറ 97.89 ലക്ഷമാണ്. മൊത്തം നിക്ഷേപം 2023 മാർച്ചിൽ 21,954 കോടിയാണ്.
ഇതിൽ സി.എ.എസ്.എ ഡെപ്പോസിറ്റ് വിഹിതം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 42.57ശതമാനത്തിൽ നിന്ന് 44.47 ശതമാനമായി ഉയർന്ന് 9764 കോടിയായി.
ഗവ. നൽകിയ അധിക മൂലധനത്തിന്റെ പിന്തുണയോടെ ബാങ്കിന്റെ മൊത്തം വായ്പ 13.5 ശതമാനം വളർച്ചയോടെ 21,885 കോടിയിലെത്തി. ഇതിൽ 94 ശതമാനം മുൻഗണന വിഭാഗങ്ങൾക്കുള്ള വായ്പയാണ്.
മൊത്തം വായ്പയുടെ 18 ശതമാനം കാർഷിക വായ്പയ്ക്കായി നീക്കിവയ്ക്കണമെന്ന് ഗവ. മാനദണ്ഡമുള്ളപ്പോൾ ബാങ്കിന്റെ കാർഷിക വായ്പ മൊത്തം വായ്പയുടെ 68 ശതമാനമായി.