ന്യൂഡൽഹി: വൻകിട ഡേറ്റ സെന്റർ പാർക്കുകൾ സജ്ജമാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി രാജ്യത്ത് നിർദേശിച്ച 33 സ്ഥലങ്ങളിൽ എട്ടെണ്ണം കേരളത്തിൽ. പ്രത്യേക സാമ്പത്തിക മേഖലകളായ (എസ്ഇസെഡ്) 33 സ്ഥലങ്ങളാണ് ഇതിനായി ട്രായ് നിർദേശിച്ചിരിക്കുന്നത്.
കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കൊച്ചി, ആലപ്പുഴ, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ ഐടി പാർക്കുകളുമായി ബന്ധപ്പെട്ടാണ് ഡേറ്റ സെന്ററുകൾക്ക് സാധ്യത കൽപ്പിച്ചിരിക്കുന്നത്. കേരളത്തിനു പുറമേ ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളാണ് ട്രായിയുടെ പട്ടികയിലുള്ളത്.
എന്താണ് ഡേറ്റ സെന്റർ?
കമ്പനികൾക്ക് അവരുടെ ഡേറ്റയടങ്ങിയ വൻകിടസെർവറുകൾ സൂക്ഷിക്കുന്ന സ്ഥലമാണ് ഡേറ്റ സെന്ററുകൾ. പൗരന്മാരുടെ ഡേറ്റ പരമാവധി രാജ്യത്തിനുള്ളിൽത്തന്നെ സൂക്ഷിക്കണമെന്ന കേന്ദ്ര ഡേറ്റ നയത്തിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ ഡേറ്റ സെന്റർ ബിസിനസ് കൊഴുക്കുമെന്നാണ് വിലയിരുത്തൽ.
പല സംസ്ഥാനങ്ങളും വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഡേറ്റ സെന്റർ കമ്പനികളെ കൊണ്ടുവരുന്നുണ്ട്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലുതും നാലമത്തേതുമായ ഡേറ്റ സെന്റർ ഹൈദരാബാദിൽ സ്ഥാപിക്കാൻ തീരുമാനിച്ചത് മാർച്ചിലാണ്.
15000 കോടി രൂപയുടേതാണ് നിക്ഷേപം. തെലങ്കാനയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത് (എഫ്ഡിഐ).
ട്രായ് നിർദേശിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ
∙ ടെക്നോസിറ്റി, തിരുവനന്തപുരം
∙ കിൻഫ്ര പാർക്ക്, തിരുവനന്തപുരം
∙ സ്മാർട് സിറ്റി കൊച്ചി
∙ ഇൻഫോപാർക്, ചേർത്തല
∙ ടെക്നോപാർക്, കൊല്ലം
∙ ഇൻഫോപാർക്, കൊരട്ടി, തൃശൂർ
∙ യുഎൽ സൈബർ പാർക് (ഊരാളുങ്കൽ സൊസൈറ്റി), കോഴിക്കോട്
∙ സതർലാൻഡ് ഗ്ലോബൽ സർവീസസ്, തൃക്കാക്കര, എറണാകുളം