
ഐഐടി കാൺപൂരിലെ 2022-23 പ്ലേസ്‌മെന്റ് സീസണിന്റെ ആദ്യ ഘട്ടത്തിൽ 33 വിദ്യാർത്ഥികൾക്ക് റിലയൻസ് ജിയോ, പിഡബ്ല്യുസി, ഇന്റൽ, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികളിൽ നിന്ന് ഒരു കോടി രൂപയിലധികം വരുന്ന പാക്കേജുകൾ ലഭിച്ചു.
“2022-23 പ്ലെയ്‌സ്‌മെന്റ് സെഷന്റെ ഒന്നാം ഘട്ടം അവസാനിച്ചു, പാക്കേജ് ഒരു കോടി രൂപയിൽ കൂടുതലുള്ള 33 ജോബ് ഓഫറുകൾ ഞങ്ങൾക്ക് ലഭിച്ചു” ഐഐടി കാൺപൂരിലെ പ്ലേസ്‌മെന്റ് കമ്മിറ്റി അംഗം ബിസിനസ് ടുഡേയോട് പറഞ്ഞു.
2022-23ലെ ഐഐടി കാൺപൂർ പ്ലേസ്‌മെന്റ് സെഷന്റെ ഒന്നാം ഘട്ടം ഡിസംബർ 1ന് ആരംഭിച്ച് ഡിസംബർ 15ന് അവസാനിച്ചു. ആകെ 1200 ജോബ് ഓഫറുകൾ വന്നപ്പോൾ അതിൽ 1128 ഓഫറുകൾ ഐഐടി കാൺപൂർ വിദ്യാർത്ഥികൾ സ്വീകരിച്ചു.
കൂടാതെ സ്വീകരിച്ച ഓഫറുകളിൽ 208 എണ്ണം പ്രീ-പ്ലെയ്‌സ്‌മെന്റ് ഓഫറുകളാണ് (പിപിഒകൾ), ഇത് മുൻവർഷത്തെ അപേക്ഷിച്ച് 33 ശതമാനം കൂടുതലാണെന്ന് പ്ലേസ്‌മെന്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
രസകരമായ വസ്‌തുത എന്തെന്നാൽ ആകെ ഓഫറുകളിൽ 74 എണ്ണം അന്താരാഷ്ട്ര ഓഫറുകളും ബാക്കിയുള്ളവ ആഭ്യന്തരവുമാണ്. അന്താരാഷ്ട്ര ഓഫറുകളുടെ എണ്ണം കഴിഞ്ഞ പ്ലേസ്‌മെന്റ് സെഷനിൽ നിന്ന് വന്നതിനേക്കാൾ 57 ശതമാനം ഉയർന്നതായി ഇൻസ്‌റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
250ലധികം കമ്പനികൾ പ്ലേസ്‌മെന്റ് റൗണ്ടിൽ പങ്കെടുത്തു എന്നതും ശ്രദ്ധേയമാണ്. ആകെ കമ്പനികളിൽ 35 എണ്ണവും സ്‌റ്റാർട്ടപ്പുകളായിരുന്നു.
2022-23 പ്ലെയ്‌സ്‌മെന്റ് സീസണിന്റെ ആദ്യ ഘട്ടത്തിലെ ഏറ്റവും മികച്ച റിക്രൂട്ടർമാരിൽ അധികവും ബാങ്കുകൾ, ഇവെസ്‌റ്റ്മന്റ് ബാങ്കുകൾ, അക്കൗണ്ടിംഗ് സ്ഥാപനങ്ങൾ, അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ, തുടങ്ങിയ ധനകാര്യ സംബന്ധമായ കമ്പനികളായിരുന്നു.
ഇവയ്ക്ക് പുറമെ ക്യാപിറ്റൽ വൺ, ക്വാഡ് ഐ സെക്യൂരിറ്റീസ്, ജെപി മോർഗൻ ആൻഡ് ചേസ്, അമേരിക്കൻ എക്‌സ്പ്രസ്, പിഡബ്ള്യുഎസ്, ആക്‌സിസ് ബാങ്ക്, എച്ച്എസ്ബിസി, വെൽസ് ഫാർഗോ, ഐസിഐസിഐ ലൊംബാർഡ് ജിഐസി ലിമിറ്റഡ് കമ്പനികളും റിക്രൂട്ടിംഗ് നടത്തി.
രാകുട്ടെൻ മൊബൈൽ, ഇന്റൽ, മൈക്രോസോഫ്റ്റ് ഇന്ത്യ, ക്വാൽകോം, ഇഎക്‌സ്എൽ, ഒറാക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എസ്എപി ലാബ്‌സ്, വാൾമാർട്ട് ഗ്ലോബൽ ടെക് ഇന്ത്യ, ലെഗേറ്റോ ഹെൽത്ത് ടെക്‌നോളിജീസ് തുടങ്ങിയ ടെക് കമ്പനികളും റിക്രൂട്ടിംഗ് നടത്തി.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, സ്പ്രിങ്ക്ലർ, ആക്സ്ട്രിയ, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, ഈറ്റൺ, ജാഗ്വാർ ലാൻഡ് റോവർ ഇന്ത്യ ലിമിറ്റഡ്, ജിയോ ലിമിറ്റഡ്, എയർബസ് ഗ്രൂപ്പ് ഇന്ത്യ, ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് തുടങ്ങിയവയാണ് ,മറ്റ് പ്രധാന റിക്രൂട്ടർമാർ.
അടുത്ത വർഷം ജനുവരിയിൽ പ്ലേസ്‌മെന്റ് സെഷന്റെ രണ്ടാം ഘട്ടം ആരംഭിക്കുമെന്ന് ഒരു പ്ലേസ്‌മെന്റ് കമ്മിറ്റി അംഗം ബിസിനസ് ടുഡേയോട് പറഞ്ഞു.
“ഒന്നാം ഘട്ടം പൂർത്തിയായതോടെ 2023 ജനുവരി പകുതി മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിനായി ഞങ്ങൾ തയ്യാറെടുക്കുകയാണ്” അദ്ദേഹം വ്യക്തമാക്കി.