
തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവർഷം അവസാനംവരെ സർക്കാരിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷംകോടിയെന്ന് സി.എ.ജി. റിപ്പോർട്ട്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 36.23 ശതമാനമാണിത്. ധനഉത്തരവാദിത്വ നിയമപ്രകാരം 33.70 ശതമാനമേ പാടുള്ളൂവെന്നതിനാല്‍ ഇത് പരിധിക്ക് പുറത്താണെന്ന് സി.എ.ജി. നിരീക്ഷിക്കുന്നു.
റിസർവ് ബാങ്കിലൂടെ എടുക്കുന്ന കടത്തിനുപുറമേ, കേന്ദ്രത്തിലും ധനകാര്യസ്ഥാപനങ്ങളിലും നിന്നുള്ള വായ്പകളും പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപവും ദേശീയ സമ്ബാദ്യപദ്ധതി നിക്ഷേപവുമൊക്കെ ചേരുന്നതാണ് പൊതുകടവും ബാധ്യതകളും.
എന്നാല്‍, ജി.എസ്.ടി. നഷ്ടപരിഹാരമായി കേന്ദ്രം എടുത്തുതന്ന വായ്പകൂടി ചേർത്തതുകൊണ്ടാണ് നിരക്ക് ഇത്രയും കൂടിയതെന്നാണ് സംസ്ഥാനസർക്കാരിന്റെ വാദം. അത് തിരിച്ചടയ്ക്കേണ്ടത് കേന്ദ്രമാണ്.
ആഭ്യന്തര ഉത്പാദനത്തില്‍ പൊതുകടവും ബാധ്യതകളും തമ്മിലുള്ള അനുപാതം നടപ്പുവർഷം 32.80 ശതമാനവും അടുത്തവർഷം 32 ശതമാനവുമായി കുറയണം.
എന്നാല്‍ ധനക്കമ്മി കുറയ്ക്കുന്നതില്‍ ധനഉത്തരവാദിത്വ നിയമം അനുശാസിക്കുന്നതിനെക്കാള്‍ ഉയർന്ന ലക്ഷ്യം കൈവരിക്കാൻ കേരളത്തിനായി. വരുമാനത്തിലെ വിടവ് നികത്താൻ വായ്പയെടുക്കുന്നതിന്റെ സൂചകമാണ് ധനക്കമ്മി.
കേരളത്തിന് അനുവദനീയമായ ധനക്കമ്മി നാലുശതമാനം. എന്നാല്‍ യഥാർഥ ധനക്കമ്മി 2.99 ശതമാനവും. അതായത് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലുശതമാനം വായ്പയെടുക്കാമെന്നിരിക്കേ കേരളത്തിന് എടുക്കാനായത് 2.99 ശതമാനമാണെന്ന് അർഥം.
കിഫ്ബിക്കും ക്ഷേമപെൻഷനും എടുത്ത വായ്പയും പൊതുകണക്കും കണക്കാക്കി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വായ്പാനിയന്ത്രണമാണ് ഇതിന് കാരണം. എന്നാല്‍, വായ്പയൊഴിച്ചുള്ള വരുമാനമായ റവന്യൂ വരുമാനവും ചെലവും തമ്മിലുള്ള വിടവായ റവന്യൂ കമ്മി 1.58 ശതമാനമെന്ന ഉയർന്നതോതിലാണ്. ധനഉത്തരവാദിത്വ നിയമപ്രകാരം 2023-24 ല്‍ 0.8 ശതമാനം റവന്യൂ മിച്ചം കൈവരിക്കണമായിരുന്നു.
കടം വികസനത്തിനല്ല
കഴിഞ്ഞവർഷം കടമെടുത്തതിന്റെ 13.02 ശതമാനം മാത്രമാണ് വികസന പ്രവർത്തനത്തിന് ചെലവിട്ടതെന്ന് സി.എ.ജി. വ്യക്തമാക്കുന്നു.
ചെലവില്‍ മുന്നില്‍ ശമ്പളം, പെൻഷൻ, പലിശ
വായ്പയൊഴികെയുള്ള വരുമാനത്തിന്റെ 73.36 ശതമാനവും കേരളം ചെലവിടുന്നത് ശമ്പളം, പെൻഷൻ, പലിശ എന്നിവ നല്‍കാനാണെന്ന് റിപ്പോർട്ട് പറയുന്നു.
- അനുകൂല ഘടകങ്ങള്‍
- മൊത്തം നികുതിവരുമാനം 2360.85 കോടികൂടി. ജി.എസ്.ടി. വരുമാനത്തില്‍ 1050.32 കോടിയുടെ വർധന
- വായ്പയൊഴിച്ചുള്ള വരുമാനത്തിന്റെ 90.31 ശതമാനവും നികുതി, നികുതിയിതര വരുമാനത്തില്‍നിന്ന്. കേന്ദ്രസഹായവും സംഭാവനകളും 9.69 ശതമാനം മാത്രം
- പ്രതികൂല ഘടകങ്ങള്‍
- റവന്യൂക്കമ്മി 1.58 ശതമാനം എന്ന ഉയർന്നതോതില്‍
- നികുതിവരുമാനം ബജറ്റില്‍ പ്രതീക്ഷിച്ചതിലും 2709.24 കോടി കുറഞ്ഞു
- തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സഹായധനം 12.79 ശതമാനം കുറഞ്ഞു
- വികസനച്ചെലവ് 2.94 ശതമാനം കുറഞ്ഞു
- കേന്ദ്രസഹായത്തില്‍ വന്ന കുറവ് 15,309.86 കോടി
- ജി.എസ്.ഡി.പി.-നികുതിയനുപാതം 7.03-ല്‍നിന്ന് 6.48 ആയി
- കടമെടുക്കുന്നതിന്റെ 70 ശതമാനവും മുൻ കടം വീട്ടാൻ