തിരുവനന്തപുരം: കേരളത്തെ വ്യവസായ സൗഹൃദമാക്കി വളര്‍ത്തുക ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘സംരംഭക വര്‍ഷം’ പദ്ധതി കേരളത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ട് പോകുകയാണെന്ന് മന്ത്രി പി. രാജീവ്.
പദ്ധതി ആരംഭിച്ച് ഒന്നരവര്‍ഷം പിന്നിട്ടപ്പോഴേക്കും സംസ്ഥാനത്ത് പുതുതായി ആരംഭിച്ചത് രണ്ടുലക്ഷത്തിലധികം സംരംഭങ്ങളാണെന്നും ഇതുവഴി 4.23 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്നും മന്ത്രി ഫേസ്ബുക്കില്‍ വ്യക്തമാക്കി. പദ്ധതിയിലൂടെ ഇതിനകമെത്തിയത് 12,000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണെന്നും മന്ത്രി പറഞ്ഞു.
2022 ഏപ്രില്‍ ഒന്നിനാണ് സംരംഭക വര്‍ഷം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടത്. ഒരുവര്‍ഷം കൊണ്ട് ഒരുലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍, ആദ്യ 8 മാസത്തിനകം തന്നെ ഈ ലക്ഷ്യം മറികടന്നു. കഴിഞ്ഞ മാര്‍ച്ച് 31ന് സമാപിച്ച ഒന്നാം സംരംഭക വര്‍ഷം പദ്ധതിയിലൂടെ ആകെ ആരംഭിച്ചത് 1.39 ലക്ഷം പുതിയ സംരംഭങ്ങളാണ്.
മൂന്നുലക്ഷത്തിലധികം പേര്‍ക്ക് തൊഴിലും ലഭിച്ചു. 8,422 കോടി രൂപയുടെ നിക്ഷേപവും ആദ്യവര്‍ഷമെത്തി.