മുംബൈ: രാജ്യാന്തര കായിക വിനോദരംഗത്തെ മിന്നും താരമായി ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കുട്ടിമാമാങ്കമായ’ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ).
ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും മുൻനിര താരങ്ങൾ വിവിധ ടീമുകളിലായി കൊമ്പുകോർക്കുന്ന ഐപിഎല്ലിലെ ഫ്രാഞ്ചൈസികളുടെ മൊത്തം ബ്രാൻഡ് മൂല്യം 2024ൽ 13% വളർന്ന് 1,200 കോടി യുഎസ് ഡോളറായെന്നും (ഒരുലക്ഷം കോടി രൂപ) ഇതോടെ ആഗോള സ്പോർട്സ് എന്റർടെയ്ൻമെന്റ് രംഗത്ത് ശ്രദ്ധേയമായ വാണിജ്യ വിജയവുമായി വമ്പൻ പവർഹൗസായി ഐപിഎൽ മാറിയെന്നും ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട്ട് വ്യക്തമാക്കി. 2023ൽ മൂല്യം 1,070 കോടി ഡോളറായിരുന്നു (90,500 കോടി രൂപ).
ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായി 4 ടീമുകൾ 100 മില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിച്ചുവെന്ന പ്രത്യേകതയുമുണ്ട്. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ), ബോളിവുഡിന്റെ കിങ് ഖാൻ ഷാറുഖ് ഖാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ), വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി), രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസ് (എംഐ) എന്നിവയാണവ. ഇതിൽ സിഎസ്കെയാണ് ബ്രാൻഡ് മൂല്യത്തിൽ മുന്നിൽ.
എന്നാൽ, ബ്രാൻഡ് മൂല്യത്തിലെ വളർച്ചാക്കുതിപ്പിൽ മുന്നിൽ സൺറൈസേഴ്സ് ഹൈദരാബാദും ആർസിബിയുമാണ്.
ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റൻസ്, ലക്നൗ സൂപ്പർ ജയന്റ്സ് എന്നിവയാണ് ഐപിഎല്ലിലെ 10 ഫ്രാഞ്ചൈസികൾ.
ഇന്ത്യൻ കായികമേഖലയെ തന്നെ പുതിയ കുതിപ്പോടെ മുന്നോട്ട് നയിക്കുന്ന ഐപിഎൽ നേരിട്ടും പരോക്ഷമായും തൊഴിൽ നൽകുന്നത് 12.5 ലക്ഷത്തോളം പേർക്കാണ്. ഇന്ത്യക്ക് പുറമേ യുഎഇ, സൗദി അറേബ്യ, യുഎസ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലും ഐപിഎല്ലിന് വൻ വിപണി സ്വാധീനമുണ്ട്.
ഐപിഎല്ലിലെ ടോപ് 5 ടീമുകൾക്ക് മികച്ച വളർച്ചാസാധ്യതയാണുള്ളതെന്നും ആഗോളതലത്തിൽ ഏറെ ശക്തവും ഫുട്ബോൾ ലീഗുകളുമായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് (ഇപിഎൽ), ലാ ലീഗ, ബുന്ദസ് ലീഗ, സീരി എ, ലീഗ് വൺ എന്നിവയോട് കിടപിടിക്കുംവിധം വളരാൻ ഇവയുടെ കരുത്തോട ഐപിഎല്ലിന് കഴിയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.