ഓഹരി വിപണിയിലെ കനത്ത വില്‍പ്പനയെ തുടര്‍ന്ന് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌ത 40 ശതമാനം ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 30 ശതമാനം മുതല്‍ 95 ശതമാനം വരെ ഇടിഞ്ഞു.
ഒക്‌ടോബര്‍ ഒന്ന് മുതല്‍ ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യത്തില്‍ 71 ലക്ഷം കോടി രൂപയുടെ ചോര്‍ച്ചയാണുണ്ടായത്. ഇക്കാലയളവില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2.18 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വിറ്റു.
ഓട്ടോ, മെറ്റല്‍, ഓയില്‍ & ഗ്യാസ്, റിയല്‍ എസ്റ്റേറ്റ്, മീഡിയ, പി എസ് യു ബാങ്ക് എന്നീ മേഖലാ സൂചികകള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിഞ്ഞു.
ഒരു സൂചിക 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനത്തിലേറെ തിരുത്തലിന് വിധേയമാകുമ്പോള്‍ ബെയര്‍ മാര്‍ക്കറ്റിലേക്ക് കടന്നതായാണ് കണക്കാക്കുന്നത്. സെന്‍സെക്‌സും നിഫ്‌റ്റിയും 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 13 ശതമാനമാണ് ഇടിഞ്ഞത്. അതേ സമയം നിഫ്‌റ്റി നെക്‌സ്റ്റ് 50 സൂചിക 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനത്തിലേറെ താഴെയാണ് ഇപ്പോള്‍.
ചെറുകിട കമ്പനികളെയാണ് തിരുത്തല്‍ സാരമായി ബാധിച്ചത്. കനത്ത വില്‍പ്പനയെ തുടര്‍ന്ന് 222 കമ്പനികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 60 ശതമാനം മുതല്‍ 90 ശതമാനം വരെ ഇടിഞ്ഞു. 1186 ഓഹരികള്‍ 40 ശതമാനം മുതല്‍ 60 ശതമാനം വരെ തിരുത്തലിന് വിധേയമായി.
ഇതിന് പുറമെ 1180 ഓഹരികള്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ നഷ്‌ടം രേഖപ്പെടുത്തി. റിലയന്‍സ് ഇന്റസ്‌ട്രീസ്, ടാറ്റാ സ്റ്റീല്‍, ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക് എന്നിവ ഉള്‍പ്പെടെ നിഫ്‌റ്റി സൂചികയില്‍ ഉള്‍പ്പെട്ട പകുതി ഓഹരികളും 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 20 ശതമാനത്തിലേറെ ഇടിഞ്ഞു.
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, ടാറ്റാ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, ട്രെന്റ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, അദാനി പോര്‍ട്‌സ്, കോള്‍ ഇന്ത്യ, ബിപിസിഎല്‍, ടാറ്റാ സ്റ്റീല്‍ എന്നീ നിഫ്‌റ്റി ഓഹരികള്‍ 30 ശതമാനം മുതല്‍ 40 ശതമാനം വരെ നഷ്‌ടം രേഖപ്പെടുത്തി.