
ന്യൂഡൽഹി: രാജ്യത്ത് ആകെ മൊത്തം 43,856 കിലോമീറ്റര്‍ ദേശീയപാതാ പദ്ധതികള്‍ നിര്‍മാണ ഘട്ടത്തിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ അറിയിച്ചു. 9,60,103 കോടി രൂപ ചെലവിലാണ് പാതകള്‍ നിര്‍മിക്കുന്നത്.
2014 മാര്‍ച്ച് 31 വരെ 91,287 കിലോമീറ്ററായിരുന്നു രാജ്യത്ത് ദേശിയപാതയുടെ നീളം. എന്നാല്‍ ഒക്‌ടോബര്‍ 31 വരെയുളള കണക്കുകള്‍ പ്രകാരം രാജ്യത്ത് ദേശിയപാതയുടെ നീളം ഏകദേശം 1,46,145 കിലോമീറ്ററായി വര്‍ദ്ധിച്ചു.
വിവിധ സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 1609 ദേശീയ പാത പദ്ധതികള്‍ ഇപ്പോള്‍ നിര്‍മാണത്തിലുണ്ട്. ഇവ കൂടാതെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഹൈവേകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.
ദേശിയ പാത വികസനം, റെയില്‍വേ, എന്നിവയുടെ പ്രവര്‍ത്തവങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍, നിര്‍മ്മാണത്തിന് മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍, പ്രോജക്ടുകള്‍ നല്‍കല്‍, ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം ലളിതമാക്കല്‍, ജിഎഡി അംഗീകാരത്തിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുക തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുളളതായും മന്ത്രി പറഞ്ഞു.
2023 നവംബര്‍ 30 വരെ, നിര്‍മാണത്തിലിരിക്കുന്ന ദേശീയപാതാ പദ്ധതികളില്‍ 667 പ്രോജക്റ്റുകളുടെ നിര്‍മ്മാണം വിവിധ കാരണങ്ങളാല്‍ സമയബദ്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.
ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) ചാര്‍ജിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇന്ത്യയിലെ ദേശീയ പാതകളിലുടനീളം വികസിപ്പിച്ചെടുത്തിട്ടുളളതായും മന്ത്രി പറഞ്ഞു.