
മുംബൈ: റൂട്ടറുകൾ, ആന്റിനകൾ, 5G റേഡിയോ ഉപകരണങ്ങൾ തുടങ്ങിയ ടെലികോം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (DoT) ഡിസൈൻ-ലിങ്ക്ഡ് ഇൻസെന്റീവ് (DLI) പദ്ധതിയിൽ 450 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി എച്ച്‌എഫ്‌സിഎൽ. പ്രാദേശികമായി ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നതിനാണ് കമ്പനി ഡിഎൽഐ സ്കീമിനായി അപേക്ഷിച്ചത്.
ഗവേഷണ-വികസന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ടെലികോം ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സർക്കാരിന്റെ ഡിഎൽഐ പദ്ധതിയിൽ 450 കോടി രൂപ നിക്ഷേപിക്കുന്നതിന് എച്ച്എഫ്‌സിഎൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് എച്ച്എഫ്‌സിഎൽ എംഡി മഹേന്ദ്ര നഹത പറഞ്ഞു.
സബ്‌സിഡി തുക ഉത്പാദന വരുമാനത്തെ ആശ്രയിച്ചിരിക്കും. കൂടാതെ സബ്‌സിഡി നാല് വർഷത്തിനുള്ളിൽ വിതരണം ചെയ്യും. സാങ്കേതികവിദ്യാ ഉൽപന്നങ്ങളുടെയും പരിഹാരങ്ങളുടെയും ഭാവിയിലേക്കുള്ള വികസനത്തിന്റെയും വിന്യാസത്തിന്റെയും വിവിധ ഘട്ടങ്ങളെ ഈ നിക്ഷേപം പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1987-ൽ സ്ഥാപിതമായ ഒരു ഇന്ത്യൻ ടെലികോം കമ്പനിയാണ് എച്ച്‌എഫ്‌സിഎൽ. നിർമ്മാണം, ഗവേഷണം & വികസനം, ടേൺകീ സൊല്യൂഷനുകൾ എന്നിവയുടെ വിവിധ വിഭാഗങ്ങളിൽ ഇത് പ്രവർത്തിക്കുന്നുണ്ട്.