മുംബൈ: ഇപിഎഫ്ഒക്കും എൻപിഎസിനും കീഴിൽ രാജ്യത്ത് 5.2 കോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ ആണ് ഇത്രയധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. എസ്ബിഐ റിസർച്ച് ആണ് പുതിയ വിശകലന റിപ്പോർട്ട് പുറത്ത് വിട്ടത്.
2020 സാമ്പത്തിക വർഷം മുതൽ 2023 സാമ്പത്തിക വർഷം വരെ മാത്രം 4.86 കോടി തൊഴിൽ അവസരങ്ങൾ ആണ് സൃഷ്ടിക്കപ്പെട്ടത്. ഔപചാരിക മേഖലയിൽ 2020 മുതൽ 2023 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 2.27 കോടി രൂപ വീതമാണ് പുതിയതായി ശമ്പളമായി അധികം നൽകിയത്. ഇതിൽ ജോലി ഉപേക്ഷിച്ച ശേഷം വീണ്ടും ഇപിഎഫ്ഒയുടെ ഭാഗമായവരുമുണ്ട്.
ആദ്യമായി ജോലി ചെയ്ത് പ്രതിഫലം വാങ്ങിയവരാണ് മൊത്തം ശമ്പളപ്പട്ടികയിലെ 47 ശതമാനം പേരും. ബാക്കിയുള്ളവർ വീണ്ടും ഇപിഎഫ്ഒയിലേക്ക് സബ്സ്ക്രൈബ് ചെയ്തവരാണ്. 2023 സാമ്പത്തിക വർഷം വരെയുള്ള നാല് വർഷ കാലയളവിൽ 2.17 കോടി പേർ ഇങ്ങനെ വീണ്ടും ഇപിഎഫ് വിഹിതം നൽകുന്നുണ്ട്.
44 ലക്ഷം പുതിയ ഇപിഎഫ് വരിക്കാർ ചേർന്ന് 19.2 ലക്ഷം രൂപയാണ് ശമ്പളമായി നേടിയതെന്ന് എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ സൗമ്യ കാന്തി ഘോഷ് വ്യക്തമാക്കി. 2024 സാമ്പത്തിക വർഷത്തിലും ഈ പ്രവണത തുടർന്നാൽ പുതിയ വരിക്കാർ എക്കാലത്തെയും ഉയർന്ന ശമ്പളത്തുക നേടിയേക്കാം എന്ന് സൗമ്യ കാന്തി ഘോഷ് പറയുന്നു.
എൻപിഎസ് ഡാറ്റ പ്രകാരം 2023 സാമ്പത്തിക വർഷത്തിൽ 8.24 ലക്ഷം പുതിയ വരിക്കാർ ആണുള്ളത്. ഇതിൽ 4.64 ലക്ഷം പേർ സംസ്ഥാന സർക്കാർ ജീവനക്കാരാണ്. ബാക്കിയുള്ളവർ സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ്.
ഏകദേശം 2.30 ലക്ഷം പോരോളം വരുമിത്. 1.29 ലക്ഷം പേർ കേന്ദ്ര സർക്കാർ ജീവനക്കാരാണ്. കഴിഞ്ഞ നാല് വർഷത്തിനിടെ 31 ലക്ഷം പുതിയ വരിക്കാരാണ് എൻപിഎസിൽ ചേർന്നത്.
ഇപിഎഫ്ഒ ഡാറ്റ അനുസരിച്ച് നടപ്പ് സാമ്പത്തിക വർഷത്തിൻെറ ആദ്യ പാദത്തിൽ വീണ്ടും ഇപിഎഫ്ഒയിൽ ചേർന്ന അംഗങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്.
കൂടുതൽ ആളുകൾ നിലവിലെ ജോലിയിൽ തുടരാൻ തീരുമാനിച്ചതാണ് കാരണം എന്ന് സൂചനയുണ്ട്.