മുംബൈ: ഒക്‌ടോബറിലെയും നവംബര്‍ ആദ്യപകുതിയിലെയും വില്‍പ്പന സമ്മര്‍ദത്തിനു ശേഷം ഓഹരി വിപണി കരകയറുന്നതിനിടെ ഐപിഒകളുടെ വരവും വര്‍ധിച്ചു. ഡിസംബര്‍ രണ്ടാം വാരത്തില്‍ അഞ്ച് ഐപിഒകളാണ് വിപണിയിലെത്തുന്നത്.
ഇവ മൊത്തം 18,000 കോടി രൂപയാണ് സമാഹരിക്കുന്നത്. വിശാല്‍ മെഗാമാര്‍ട്ട്, സായ് ലൈഫ് സയന്‍സസ്, മൊബിക്വിക്, ഇന്‍വെഞ്ചറസ് നോളജ് സൊല്യൂഷന്‍സ്, ഇന്റര്‍നാഷണല്‍ ജൊമ്മോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ അഞ്ച് മെയിന്‍ബോര്‍ഡ് ഐപിഒകള്‍ക്കു പുറമെ അഞ്ച് എസ്‌എംഇ ഐപിഒകളും ഈയാഴ്‌ച വിപണിയിലുണ്ട്.
പൊതുവെ 2024 ഐപിഒകളെ സംബന്ധിച്ചിടത്തോളം മികച്ച വര്‍ഷമായിരുന്നു. ഈ വര്‍ഷം ഇതുവരെ 78 മെയിന്‍ബോര്‍ഡ് ഐപിഒകളാണ് എത്തിയത്.
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ, സ്വിഗ്ഗി, ബജാജ് ഹൗസിംഗ് ഫിനാന്‍സ്, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി, ഓല ഇലക്‌ട്രിക് മൊബിലിറ്റി തുടങ്ങിയ പ്രമുഖ കമ്പനികളുടെ പബ്ലിക് ഇഷ്യുകള്‍ കഴിഞ്ഞ മാസങ്ങളിലാണ് വിപണിയിലെത്തിയത്.
78 മെയിന്‍ബോര്‍ഡ് ഐപിഒകള്‍ സമാഹരിച്ചത് 1.4 ലക്ഷം കോടി രൂപയാണ്. അതേ സമയം കഴിഞ്ഞവര്‍ഷം 57 കമ്പനികള്‍ ഐപിഒകള്‍ വഴി 49,436 കോടി രൂപയാണ് സമാഹരിച്ചിരുന്നത്.
അടുത്ത വര്‍ഷവും ഐപിഒ വിപണി സജീവമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025ല്‍ പബ്ലിക് ഇഷ്യു നടത്താനായി കാത്തിരിക്കുന്ന പ്രമുഖ കമ്പനികളുടെ ഒരു നിര തന്നെയുണ്ട്.