മുംബൈ: ഇന്ത്യയുടെ ‘ഐ.പി.ഒക്കടയില്‍’ കച്ചവടം പൊടിപൊടിക്കുകയാണ്. 2023ല്‍ ഇതുവരെ 46 കമ്പനികള്‍ ഐ.പി.ഒ നടത്തി. ഇവ സംയുക്തമായി സമാഹരിച്ചത് ഏകദേശം 41,100 കോടി രൂപയും.
കൊവിഡിന് ശേഷം ഇന്ത്യയില്‍ പ്രാരംഭ ഓഹരി വില്‍പന (IPO) വിപണി ഏറെ സജീവമായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് 2019ല്‍ 16 കമ്പനികളാണ് ഐ.പി.ഒ നടത്തിയത്; സമാഹരിച്ചത് 12,340 കോടി രൂപ.
കൊവിഡ് പ്രതിസന്ധി ആഞ്ഞടിച്ച 2020ലും 15 കമ്പനികള്‍ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലെത്തി. ഇവ സംയുക്തമായി സമാഹരിച്ചത് 26,600 കോടി രൂപയായിരുന്നു. കൊവിഡ് പ്രതിസന്ധി അയഞ്ഞതോടെ 2021ല്‍ ഐ.പി.ഒയ്ക്ക് 61 കമ്പനികളെത്തി.
ഇവ 1.18 ലക്ഷം കോടി രൂപ സമാഹരിച്ച് സര്‍വകാല റെക്കോഡ് കുറിച്ചു. 40 കമ്പനികളാണ് 2022ല്‍ ഐ.പി.ഒ സംഘടിപ്പിച്ചത്; നേടിയത് 59,300 കോടി രൂപ.
ഐപിഒ പെരുമഴ
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ട്രെന്‍ഡ് ഐ.പി.ഒ വിപണി തുടരുന്നതാണ് ഈ വര്‍ഷത്തെയും കാഴ്ച. ഇന്ത്യന്‍ ഓഹരി സൂചികകളുടെ റെക്കോഡ് മുന്നേറ്റം, ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പെരുമയോടെ ഇന്ത്യന്‍ ജി.ഡി.പിയുടെ മുന്നേറ്റം, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (FIIs) തിരിച്ചുവരവ്, ഇതിനകം ഐ.പി.ഒ നടത്തി ഓഹരി വിപണിയിലെത്തിയ കമ്പനികളുടെ മികച്ച ലിസ്റ്റിംഗും തുടര്‍ പ്രകടനവും, ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധന, മെച്ചപ്പെടുന്ന പണലഭ്യത തുടങ്ങിയ ഘടകങ്ങളാണ് കൂടുതല്‍ കമ്പനികളെ ഐ.പി.ഒയ്ക്ക് പ്രേരിപ്പിക്കുന്നത്.
2023 ഒക്ടോബര്‍-നവംബറില്‍ മാത്രം ഒരു ഡസനോളം കമ്പനികള്‍ ഐ.പി.ഒ സംഘടിപ്പിച്ച് 14,000 കോടി രൂപയോളം സ്വരുക്കൂട്ടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് 6 മാസമാണ് ശേഷിക്കുന്നത്. ഇനിയുള്ള ആറ് മാസക്കാലത്തിനകത്തും നിരവധി കമ്പനികള്‍ ഐ.പി.ഒ കടയിലേക്ക് എത്തുമെന്നാണ് വിലയിരുത്തലുകള്‍.
കേരളം ആസ്ഥാനമായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലെ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ അടക്കം 6 കമ്പനികള്‍ ഈമാസം (ഡിസംബര്‍) ഐ.പി.ഒ നടത്തുമെന്നാണ് പ്രതീക്ഷകള്‍.
950 കോടി രൂപയുടെ പുതിയ ഓഹരികളടക്കം (ഫ്രഷ് ഇഷ്യൂ) ഇറക്കി 1,350 കോടി രൂപ സമാഹരിക്കുകയാണ് മുത്തൂറ്റ് മൈക്രോഫിനിന്റെ ലക്ഷ്യം. ഡോംസ് ഇന്‍ഡസ്ട്രീസ് (1,200 കോടി രൂപ), ഇന്ത്യ ഷെല്‍ട്ടര്‍ ഫിനാന്‍സ് (1,800 കോടി രൂപ), ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (475 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂവും ഒ.എഫ്.എസില്‍ 40.51 ലക്ഷം ഓഹരികളും), അലയഡ് ബ്ലെന്‍ഡേഴ്‌സ് (2,000 കോടി രൂപ), ഹാപ്പി ഫോര്‍ജിംഗ്‌സ് (500 കോടി രൂപ ഫ്രഷ് ഇഷ്യൂവും 80.5 ലക്ഷം ഒ.എഫ്.എസും) എന്നിവയും ഈമാസം ഐ.പി.ഒ നടത്തിയേക്കും.
എന്ററോ ഹെല്‍ത്ത്‌കെയര്‍ സൊല്യൂഷന്‍സ്, മെഡി അസിസ്റ്റ് ഹെല്‍ത്ത്‌കെയര്‍, ജ്യോതി സി.എന്‍.സി ഓട്ടോമേഷന്‍, ഐനോക്‌സ് ഇന്ത്യ, സ്റ്റാന്‍ലി ലൈഫ്‌സ്റ്റൈല്‍ എന്നിവയും ഐ.പി.ഒ നടത്താനുള്ള ഒരുക്കത്തിലാണ്.