
ആലപ്പുഴ: കേരളത്തിന് അവകാശപ്പെട്ട 1,66,627.23 ഏക്കർ (67,431 ഹെക്ടർ) ഭൂമി ഇപ്പോഴും വിദേശ കമ്പനികളുടെയും വ്യക്തികളുടെയും പേരില്‍.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിലായാണ് ഇത്രയും ഭൂമി വിദേശികള്‍ കൈവശം വെച്ചിരിക്കുന്നത്.
ഇതു മറിച്ചുവിറ്റും കൈയേറിയും അന്യാധീനപ്പെടുന്ന അവസ്ഥയിലാണ്. ലക്ഷത്തിലധികം ഏക്കർ ഭൂമി ഇടുക്കി, വയനാട് ജില്ലകളിലാണ്. റവന്യൂ വകുപ്പിന്റെ കണക്കു പ്രകാരമാണിത്.
വിദേശികളുടെ കൈയിലുള്ള ഭൂമി സ്വാതന്ത്ര്യത്തിനുശേഷം ഏറ്റെടുക്കുന്നതില്‍ സർക്കാരുകള്‍ അലംഭാവം കാട്ടിയതാണു പ്രശ്നം. ഇതിനൊരു മാറ്റമുണ്ടായത് 2013-ലാണ്, അതും ഹൈക്കോടതി നിർദേശപ്രകാരം.
ഇംഗ്ലണ്ട് ആസ്ഥാനമായുള്ള മലയാളം പ്ലാന്റേഷൻസ് ലിമിറ്റഡിന്റെ പേരിലുള്ള ഭൂമി സംസ്ഥാനത്ത് കൈവശം വെച്ചിരിക്കുന്നത് ഹാരിസണ്‍ മലയാളം ലിമിറ്റഡാണ്.
അവർ, അവരില്‍നിന്നു ഭൂമി വാങ്ങിയവർ, കൈയേറ്റക്കാർ എന്നിവരില്‍നിന്നു ഭൂമി ഏറ്റെടുക്കാൻ 1957-ലെ ഭൂസംരക്ഷണനിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് അന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
പിന്നീട്, ഹാരിസണ്‍ മലയാളവും മറ്റും ഹൈക്കോടതിയെ സമീപിച്ചതോടെ അവർക്കനുകൂലമായി കോടതിവിധി. ഉടമസ്ഥത സ്ഥാപിച്ചെടുക്കാൻ സർക്കാരിനു സിവില്‍ കോടതിയെ സമീപിക്കാമെന്നും നിർദേശിച്ചു.
അതനുസരിച്ച് സർക്കാർ ഇതുവരെ 20 സിവില്‍ കേസ് ഫയല്‍ചെയ്തു. എന്നാലത് 46,351 ഏക്കർ ഭൂമി വിട്ടുകിട്ടുന്നതിനു വേണ്ടിമാത്രമാണ്.