ഇന്ത്യയുമായി എഫ്ടിഎ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇ യുസംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള നീക്കം: കേന്ദ്രത്തിന് കിട്ടുക 35,000 കോടിയോളം അധികംതുഹിന്‍ കാന്ത പാണ്ഡെ സെബി മേധാവിസംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം കുറച്ചേക്കുംസമ്പദ് വ്യവസ്ഥയില്‍ ഏഴ് ശതമാനം വരെ വളര്‍ച്ചയെന്ന് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ്

ബാങ്കുകളുടെ സ്വർണ വായ്പ ബിസിനസിൽ 68.3% വളർച്ച

കൊച്ചി: ബാങ്കുകളുടെ ‘റീട്ടെയ്ൽ ലോൺ’ വിഭാഗത്തിൽപെട്ട വിവിധ ഉൽപന്നങ്ങളിൽ അതിവേഗ വളർച്ച സ്വർണപ്പണയത്തിന്. ഇതാണു ചില ബാങ്കുകളുടെയെങ്കിലും പ്രധാന ബിസിനസ് എന്ന സ്ഥിതിവിശേഷം പോലുമുണ്ട്.

സ്വർണപ്പണയ വിപണിയുടെ 82 ശതമാനവും ബാങ്കിങ് മേഖലയുടെ സ്വന്തമായിരിക്കുന്നു. 1.72 ലക്ഷം കോടി രൂപയുടേതാണു ബാങ്കുകളുടെ ആകെ സ്വർണ വായ്പ.

ബാങ്കുകളുടെ സ്വർണ വായ്പ ബിസിനസിലുണ്ടായിട്ടുള്ള നടപ്പു സാമ്പത്തിക വർഷത്തെ വളർച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ കണക്കുകൾ പ്രകാരം 68.3 ശതമാനമാണ്.

വിപണനത്തിന് അനുവർത്തിക്കുന്ന തീവ്രശ്രമം, കൂടുതൽ ആകർഷകമായ പലിശ നിരക്ക് തുടങ്ങിയ കാരണങ്ങളുടെ പിൻബലത്തിലാണു ബാങ്കുകൾ സ്വർണപ്പണയ ബിസിനസിൽ വൻ കുതിപ്പു നേടുന്നത്. ബാങ്ക് ഇതര ധനസ്ഥാപന (എൻബിഎഫ്സി) ങ്ങളുടെ സ്വർണപ്പണയ ബിസിനസിലും മികച്ച വളർച്ചയുണ്ട്.

25,000 ടൺ സ്വർണാഭരണങ്ങളെങ്കിലും ഇന്ത്യയിൽ ഗൃഹസമ്പാദ്യമായുണ്ടെന്നാണു കണക്കുന്നത്. ഇതിൽ ഏകദേശം 5000 ടൺ മാത്രമാണു ബാങ്കുകളുടെയും എൻബിഎഫ്സികളുടെയും അസംഘടിത മേഖലയിലെ സ്ഥാപനങ്ങളുടെയും പക്കൽ പണയം വച്ചിട്ടുള്ളത്. അതിനാൽ പണയ ബിസിനസിന്റെ സാധ്യതകൾ ഏറെയാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണു ബാങ്കുകളുടെ ശ്രമം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണു സ്വർണപ്പണയ ബിസിനസിൽ ഒന്നാം സ്ഥാനത്തുള്ള ബാങ്ക്. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും പല ബാങ്കുകളും സ്വർണ വായ്പകൾക്കു മാത്രമായി ‘ബിസിനസ് വെർട്ടിക്കൽ’ ആരംഭിച്ചിട്ടുപോലുമുണ്ട്.

കേരളം ആസ്ഥാനമായുള്ള ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയുടെ പക്കലുള്ള പണയ സ്വർണംതന്നെ 150 ടൺ വരും. സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പയിൽ 45 ശതമാനവും സ്വർണപ്പണയത്തിന്റേതാണ്.

നേരത്തെ ഇതു 48 ശതമാനമായിരുന്നു. എന്നാൽ, സ്വർണപ്പണയ ബിസിനസിലെ വളർച്ച 36%. ഫെഡറൽ ബാങ്കിന്റെ മൊത്തം വായ്പയിൽ 23 ശതമാനമാണു സ്വർണപ്പണയത്തിന്റെ വിഹിതം. വാർഷിക വളർച്ച 31 – 32% വരും.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വായ്പകളിൽ 19.6%, ധനലക്ഷ്മി ബാങ്കിന്റെ മൊത്തം വായ്പയിൽ 31% എന്നിങ്ങനെ സ്വർണത്തിന്റെ ഈടിന്മേലാണ്. ധനലക്ഷ്മി ബാങ്ക് ഇക്കഴിഞ്ഞ ഒക്ടോബർ – ഡിസംബർ കാലയളവിൽ സ്വർണപ്പണയ ബിസിനസിൽ 32.82%വളർച്ച നേടി.

സ്വർണപ്പണയ ബിസിനസിന്റെ വളർച്ചയ്ക്കൊപ്പം ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നുവെന്ന അനഭിലഷണീയ പ്രവണതയുണ്ട്. ബാങ്കുകളുടെ സ്വർണപ്പണയ ഇനത്തിലെ കിട്ടാക്കടം വാർഷികാടിസ്ഥാനത്തിൽ 65 ശതമാനത്തോളമാണു വർധിച്ചിരിക്കുന്നത്.

3000 കോടിയിലേറെ രൂപയുടേതാണു കിട്ടാക്കടം. എൻബിഎഫ്സികളുടെ കിട്ടാക്കടം 25 ശതമാനത്തോളം വർധിച്ചു 4500 കോടിയോളം രൂപയിലെത്തിയിട്ടുണ്ട്. ആർബിഐ ഇതിൽ ഉത്കണ്ഠ പ്രകടിപ്പിക്കുക മാത്രമല്ല മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു നിർദേശിച്ചിരിക്കുകയുമാണ്.

X
Top