കൊച്ചി: 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടി. തുടര്‍ന്ന് സാമ്പത്തികവും സാമൂഹികവുമായ നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് രാജ്യം മുന്നേറിയത്. നിലവില്‍ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഹ്രസ്വ ചരിത്രം ചുവടെ:
1951: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആദ്യ പഞ്ചവത്സര പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഹാരോഡ്‌ഡോമര്‍ മോഡലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഇത്. വ്യാവസായിക മേഖല വികസിപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
1969: രാജ്യം കണ്ട ഏറ്റവും മോശമായ വരള്‍ച്ച 1960 കളില്‍ സംജാതമായി. ഭക്ഷണത്തിനും ധാന്യത്തിനും പുറം ലോകത്തെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ പ്രതിസന്ധി ഒരു അനുഗ്രഹമായി മാറുകയും ഭക്ഷ്യധാന്യങ്ങളുടെ സ്വയംപര്യാപ്തത എന്ന ആശയം നിറവേറുകയും ചെയ്തു.ഹരിതവിപ്ലവം യാഥാര്‍ത്ഥ്യമായി.
1991: സാമ്പത്തിക യാത്രയുടെ സുവര്‍ണ്ണ ഘട്ടം ആ വര്‍ഷം ആരംഭിച്ചു. കറന്‍സിയുടെ മൂല്യത്തകര്‍ച്ച, ഗവണ്‍മെന്റിന്റെ ധനക്കമ്മി എന്നിവകാരണം ഇന്ത്യയുടെ വിദേശ കടം ഇരട്ടിയായി. വിദേശനാണ്യ കരുതല്‍ ശേഖരം വറ്റിപ്പോയതിനാല്‍ ഇറക്കുമതിക്ക് ധനസഹായം നല്‍കാനായില്ല. പ്രധാനമന്ത്രി നരസിംഹ റാവുവും ധനമന്ത്രി മന്‍മോഹന്‍ സിംഗും ചേര്‍ന്ന് നാഴികകല്ലുകളായ നിരവധി നയങ്ങള്‍ നടപ്പിലാക്കി. സമ്പദ്‌വ്യവസ്ഥയുടെ മുഖച്ഛായ മാറ്റിമറിച്ച ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം എന്നിവയാണ് അവ.
2008: ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ചയോടെ ചരിത്രത്തിലെ ദുഷിച്ച തകര്‍ച്ച യു.എസ് സമ്പദ് വ്യവസ്ഥയെ പിടികൂടി. മറ്റ് രാജ്യങ്ങള്‍ ഏറ്റവും മോശം അവസ്ഥയെ അഭിമുഖീകരിക്കുമ്പോള്‍, 2008-09 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.7 ശതമാനമായിരുന്നു. ഇന്ത്യയുടെ കയറ്റുമതി ജിഡിപിയുടെ 15 ശതമാനം മാത്രമായതിനാല്‍ പ്രതിസന്ധി ഇന്ത്യയെ കാര്യമായി ബാധിച്ചില്ല.
2016: ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിന്റെ വാര്‍ഷികത്തില്‍ ‘നോട്ടുനിരോധനം’ എന്ന വാക്ക് അവതരിപ്പിക്കപ്പെട്ടു. 500, 1000 രൂപ നോട്ടുകള്‍ക്ക് നിയമസാധുതയില്ലെന്ന് ആ വര്‍ഷം നവംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നോട്ട് അസാധുവാക്കലിന് മാസങ്ങള്‍ക്ക് ശേഷം, ചരക്ക് സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച നിര്‍ണായക ബില്‍ പാര്‍ലമെന്റ് പാസാക്കി.
2020: കൊറോണ വൈറസ് പാന്‍ഡെമിക്ക് രാജ്യത്തെ പിടികൂടി. മഹാമാരിയുടെ ആദ്യ തരംഗം 23 കോടി ആളുകളെ ദാരിദ്രരരാക്കി. ഗ്രാമീണ ഇന്ത്യയില്‍ ദാരിദ്ര്യം 15 ശതമാനവും നഗരങ്ങളില്‍ 20 ശതമാനവും വര്‍ധിച്ചു.