ന്യൂഡൽഹി: ഇത്തവണയും ജിഎസ്ടി വരുമാനത്തിൽ ഗണ്യമായ വർദ്ധനവെന്ന് റിപ്പോർട്ട്. നവംബറിൽ രാജ്യത്താകെ 1.82 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് 8.5 ശതമാനത്തിന്റെ വർദ്ധനയാണ് അത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ജിഎസ്ടി വരുമാനത്തിൽ 10 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2,763 കോടി രൂപയാണ് നവംബറിലെ വരുമാനം. കഴിഞ്ഞ വർഷമിത് 2,515 കോടി രൂപയായിരുന്നു.
കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി ആയ സിജിഎസ്ടി 34,141 കോടി രൂപയും സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടിയായ എസ്ജിഎസ്ടി 43,047 കോടി രൂപയുമായി.
ഒന്നിലധികം സംസ്ഥാനങ്ങളെ ബാധിക്കുന്ന ഇടപാടുകൾക്കുള്ള ജിഎസ്ടി (ഐജിഎസ്ടി) 91,828 കോടി രൂപയും സെസ് 13,253 കോടി രൂപയുമാണ് കഴിഞ്ഞ മാസം ലഭിച്ചത്.
മൊത്തം ചരക്കുസേവന നികുതിയിൽ 8.5 ശതമാനം വർദ്ധനയുണ്ടായി 1.82 ലക്ഷം കോടി രൂപയായി ഉയർന്നു. ഉത്സവ സീസണിലെ വിൽപന കുതിച്ചതാണ് ജിഎസ്ടി വിഹിതം ഉയരാൻ ഇടയാക്കിയത്.