
ന്യൂഡല്‍ഹി: ലിസ്റ്റുചെയ്ത എട്ട് ഡെവലപ്പര്‍മാരുടെ അറ്റ കടം 2023 സാമ്പത്തിക വര്‍ഷത്തില്‍ 23,000 കോടി രൂപയായി കുറഞ്ഞു.നേരത്തെയിത് 40,500 കോടി രൂപയായിരുന്നു. വില്‍പ്പനയും വരുമാനവും വര്‍ദ്ധിച്ചതോടെയാണ് ഡെവലപ്പര്‍മാര്‍ക്ക് കടം കുറയ്ക്കാനായത്, അനറോക്ക് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ) മികച്ച 7 നഗരങ്ങളിലായി ഏകദേശം 3.65 ലക്ഷം യൂണിറ്റ് പാര്‍പ്പിട വില്‍പ്പനയാണ് നടന്നത്. മാത്രമല്ല, നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ (2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) ഈ നഗരങ്ങളില്‍ ഏകദേശം 1.14 ലക്ഷം യൂണിറ്റുകള്‍ വില്‍പന നടത്തി.
മൊത്തത്തില്‍, ലിസ്റ്റുചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ വന്‍കിട ഡവലപ്പര്‍മാരുടെ വിപണി വിഹിതം ഏകദേശം ഇരട്ടിയായി. 2017 സാമ്പത്തിക വര്‍ഷത്തെ 17 ശതമാനത്തില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ വിപണി വിഹിതം 36 ശതമാനമാകുകയായിരുന്നു.
എടിഎസ് ഗ്രീന്‍, ജിഎം ഇന്‍ഫിനിറ്റ്, മൈഹോം, പിരമല്‍, റണ്‍വാള്‍, സിഗ്‌നേച്ചര്‍ ഗ്ലോബല്‍, ഷാപൂര്‍ജി പല്ലോഞ്ചി, വാധ്വ ഗ്രൂപ്പ്, പ്രൊവിഡന്റ് ഹൗസിംഗ്, ഗോയല്‍ ഗംഗ, കാസ ഗ്രാന്‍ഡെ തുടങ്ങിയവയാണ് ലിസ്റ്റ് ചെയ്യാത്ത പ്രധാന കമ്പനികള്‍.