ഈ കലണ്ടർ വർഷത്തിൽ എഴുപതിലധികം കമ്പനികളാണ് വിഭവ സമാഹരണത്തിന്റെ ഭാഗമായുള്ള പ്രാഥമിക പൊതു ഓഹരി വിൽപന അഥവാ ഐപിഒയുമായി പ്രാഥമിക വിപണിയിലേക്ക് അരങ്ങേറിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓഹരി വിപണിയിൽ ചാഞ്ചാട്ടം നേരിട്ടപ്പോഴും പ്രാഥമിക വിപണിയിലേക്ക് കടന്നെത്തുന്ന കമ്പനികളുടെ ഒഴുക്കിന് ഭംഗംവന്നിട്ടില്ല. ഡിസംബറിലെ മൂന്നാം ആഴ്ചയിൽ ഇനിയും എട്ട് കമ്പനികളാണ് ഐപിഒയുമായി രംഗത്തെത്തിയിട്ടുള്ളത്.
ഈയൊരു പശ്ചാത്തലത്തിൽ ഉടൻ അരങ്ങേറുന്ന എട്ട് ഐപിഒകളുടെയും അവയുടെ ഗ്രേ മാർക്കറ്റ് പ്രീമിയത്തിന്റെയും വിശദാംശം നോക്കാം.
ട്രാൻസ്റെയിൽ ലൈറ്റിങ്
വൈദ്യുതി വിതരണ, പ്രസരണ മേഖലയിലേക്ക് ആവശ്യമായ ഇപിസി സേവനങ്ങൾ നൽകുന്ന സ്വകാര്യ കമ്പനിയാണ് ട്രാൻസ്റെയിൽ ലൈറ്റിങ് ലിമിറ്റഡ്. 839 കോടി രൂപ സമാഹരിക്കുന്ന ഈ ഐപിഒയിൽ ഡിസംബർ 19 മുതൽ 23 വരെ ഓഹരികൾക്കായി ബിഡ് ചെയ്യാം.
ഓഫർ ഫോർ സെയിൽ, ഫ്രഷ് ഇഷ്യൂ തുടങ്ങിയ മാർഗങ്ങളിലൂടെയാകും ഓഹരി അനുവദിക്കുക. പ്രൈസ് ബാൻഡ് 410 – 432 രൂപ നിരക്കിലാകുന്നു. അതായത് ട്രാൻസ്റെയിൽ ലൈറ്റിങ് ഐപിഒയിൽ 34 ഓഹിരകളുടെ ഒരു ലോട്ടിനായി 14,688 രൂപ വേണ്ടിവരും.
ഡിസംബർ 27ന് ബിഎസ്ഇയിലും എൻഎസ്ഇയിലുമായി ഓഹരികൾ ലിസ്റ്റ് ചെയ്യും. അതേസമയം ട്രാൻസ്റെയിൽ ലൈറ്റിങ് ഐപിഒയുടെ നിലവിലെ ഗ്രേ മാർക്കറ്റ് പ്രീമിയം 120 രൂപയാണ്. ലിസ്റ്റിങ് ദിനം വരെയെങ്കിലും ഇതേ പ്രീമിയം നിലനിർത്താൻ സാധിച്ചാൽ ഈ ഐപിഒയിൽ നിന്നും 28 ശതമാനം വരെ നേട്ടത്തിനുള്ള സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ അനുമാനം.
ഡിഎഎം ക്യാപിറ്റൽ അഡ്വൈസേഴ്സ്
ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഡിഎഎം ക്യാപിറ്റൽ അഡ്വൈസേഴ്സ് ലിമിറ്റഡ്. 840 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഈ ഐപിഒയിൽ ഡിസംബർ 19 മുതൽ 23 വരെ ഓഹരികൾക്കു വേണ്ടി അപേക്ഷ സമർപ്പിക്കാം.
പൂർണമായും ഓഫർ ഫോർ സെയിൽ മുഖേനയാണ് ഓഹരി അനുവദിക്കുന്നത്. ഐപിഒയുടെ പ്രൈസ് ബാൻഡ് 269 – 283 രൂപ നിരക്കിലാണ്. അതായത് ഡിഎഎം ക്യാപിറ്റൽ ഐപിഒയിൽ 53 ഓഹിരകളുടെ ഒരു ലോട്ടിനായി 14,999 രൂപ നീക്കിവെക്കണമെന്ന് സാരം.
ബിഎസ്ഇയിലും എൻഎസ്ഇയിലുമായി ഡിസംബർ 27ന് ഓഹരി ലിസ്റ്റ് ചെയ്യപ്പെടും. അതേസമയം ഈ ഐപിഒയ്ക്ക് നിലവിൽ രേഖപ്പെടുത്തുന്ന ഗ്രേ മാർക്കറ്റ് പ്രീമിയം 108 രൂപയാകുന്നു. ഇനി ലിസ്റ്റിങ് ദിനം വരെയെങ്കിലും ഇതേ പ്രീമിയം നിലനിർത്താൻ സാധിച്ചാൽ ഡിഎഎം ക്യാപിറ്റൽ ഐപിഒയിൽ നിന്നും 38 ശതമാനം വരെയുള്ള നേട്ടം ലഭിക്കാമെന്നാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്.
മമത മെഷീനറി
പ്ലാസ്റ്റിക് ബാഗുകളും പാക്കേജിങ് ഉത്പന്നങ്ങളും നിർമിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് മമത മെഷീനറി ലിമിറ്റഡ്. പ്രാഥമിക വിപണിയിൽ നിന്നും 179 കോടി രൂപ സമാഹരിക്കുന്ന ഈ ഐപിഒയിൽ ഡിസംബർ 19 മുതൽ 23 വരെ ഓഹരികൾക്കായുള്ള ബിഡ് സമർപ്പിക്കാം.
പൂർണണായും ഓഫർ ഫോർ സെയിൽ മുഖേനയാകും ഓഹരി അനുവദിക്കുന്നത്. പ്രൈസ് ബാൻഡ് 230 – 243 രൂപ നിരക്കിലാണ്. അതായത് മമത മെഷീനറി ഐപിഒയിൽ 61 ഓഹിരകളുടെ ഒരു ലോട്ടിനു വേണ്ടി 14,823 രൂപ ചെലവിടണമെന്ന് സാരം.
ഡിസംബർ 27ന് ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യും. അതേസമയം മമത മെഷീനറി ഐപിഒയുടെ നിലവിൽ രേഖപ്പെടുത്തുന്ന ഗ്രേ മാർക്കറ്റ് പ്രീമിയം 111 രൂപയാണ്. ലിസ്റ്റിങ് ദിനം വരെയെങ്കിലും ഇതേ തോതിലുള്ള പ്രീമിയം നിലനിർത്താൻ സാധിക്കുകയാണെങ്കിൽ ഈ ഐപിഒയിൽ നിന്നും46 ശതമാനം വരെ നേട്ടം കരസ്ഥമാക്കാനുള്ള സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
മറ്റ് 5 ഐപിഒകൾ
മേൽസൂചിപ്പിച്ച മൂന്ന് ഐപിഒകൾക്കു പുറമെ ഈയാഴ്ചയിൽ അഞ്ച് ഐപിഒകൾ കൂടി പ്രാഥമിക വിപണിയിൽ അരങ്ങേറുന്നുണ്ട്. ഇതിൽ സനാതൻ ടെക്സ്റ്റൈൽസ്, കോൺകോഡ് എൻവിറോ സിസ്റ്റംസ് തുടങ്ങിയ ഐപിഒകളിലേക്ക് ഡിസംബർ ഡിസംബർ 19 മുതൽ 23 വരെ ബിഡ് ചെയ്യാം.
വെന്റീവ് ഹോസ്പിറ്റാലിറ്റി, സെനോറസ് ഫാർമസ്യൂട്ടിക്കൽസ്, കാരാറോ ഇന്ത്യ തുടങ്ങിയ ഐപിഒകളിലേക്ക് ഡിസംബർ 20 മുതൽ 24 വരെയും ഓഹരികൾക്കായി അപേക്ഷ സമർപ്പിക്കാനാകും.
അതേസമയം ഈ അഞ്ച് ഐപിഒകൾക്കും നിലവിൽ ഗ്രേ മാർക്കറ്റ് പ്രീമിയം രേഖപ്പെടുത്തിയിട്ടില്ല.
അനൗദ്യോഗിക വിപണിയിൽ ഈ ഐപിഒകൾക്കായി ഡിമാൻഡ് ഇതുവരെ പ്രകടമാകാത്തതിനാൽ, ലിസ്റ്റിങ്ങിലും കാര്യമായ നേട്ടമൊന്നും നിലവിൽ പ്രതീക്ഷിക്കാനാകില്ലെന്നാണ് വിപണി വിദഗ്ധർ സൂചിപ്പിക്കുന്നത്.