
മുംബൈ: ഇന്ത്യയുടെ ഡിജിറ്റൽ പേമെൻ്റുകളിൽ യു.പി.ഐ വിഹിതം ഉയർന്നതായി റിപ്പോർട്ട്. 2019ൽ 34 ശതമാനമായിരുന്നത് 2024ൽ 83 ശതമാനമായി ഉയർന്നതായി ആർ.ബി.ഐയുടെ പേമെൻ്റ് സിസ്റ്റം റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം, മറ്റ് പേമെൻ്റ് സംവിധാനങ്ങളായ ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി, ഐ.എം.പി.എസ്, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ മുതലായവയുടെ ഡിജിറ്റൽ പേമെൻ്റിൻ്റെ അളവ് 66 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ ഡിജിറ്റൽ പേമെൻ്റുകളുടെ വളർച്ചക്ക് യു.പി.ഐ വലിയ സംഭാവന നൽകാൻ കാരണം അതിന്‍റെ ഉപയോഗക്ഷമതയും കൈകാര്യം ചെയ്യാനുള്ള എളുപ്പവുമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗതവും സമയമെടുക്കുന്നതുമായ രീതികളെ ആശ്രയിക്കാതെ പണമിടപാടുകൾ എളുപ്പത്തിലാക്കുന്നതിന് യു.പി.ഐ സഹായിക്കുന്നു.
2024ൽ മാത്രം 208.5 ബില്യൺ ഡിജിറ്റൽ പേമെൻ്റ് ഇടപാടുകളാണ് ഇന്ത്യയിൽ നടന്നത്. പേടിഎമ്മും ഫോൺപേയും യു.പി.ഐ ലൈറ്റ് അവതരിപ്പിച്ചതും ഇടപാടിന്‍റെ വർധനക്ക് കാരണമായതായി ആർ.ബി.ഐ റിപ്പോർട്ട് നിരീക്ഷിക്കുന്നു.