
കൊച്ചി: നീണ്ട ഇടവേളയ്‌ക്കു ശേഷം റിസർവ് ബാങ്ക് (ആർബിഐ) വായ്‌പ പലിശനിരക്കിൽ പ്രഖ്യാപിച്ച 0.25% ഇളവിന് അനുബന്ധമായി ബാങ്കുകളും പലിശ കുറച്ചു തുടങ്ങി. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐ ഉൾപ്പെടെ ഒൻപതെണ്ണം വായ്‌പ നിരക്കിൽ ഇളവു പ്രഖ്യാപിച്ചുകഴിഞ്ഞു.
വാണിജ്യ ബാങ്കുകൾക്ക് ആർബിഐ അനുവദിക്കുന്ന വായ്‌പയുടെ നിരക്ക് (റിപ്പോ) 6.5 ശതമാനത്തിൽനിന്ന് 6.25 ശതമാനമായി കുറച്ചത് ഇക്കഴിഞ്ഞ ഏഴിനാണ്. ബാങ്കുകൾ അനുവദിക്കുന്ന എല്ലാ വായ്‌പകൾക്കും റിപ്പോ അധിഷ്‌ഠിത നിരക്കു ബാധകമല്ല.
ഭവന വായ്‌പ, എംഎസ്‌എംഇ വായ്‌പ തുടങ്ങി ഏതാനും ഇനത്തിനു മാത്രമാണു റീപ്പോ അധിഷ്‌ഠിത നിരക്കു ബാധകം. അതിനാൽ അത്തരം വായ്‌പകൾക്കാണ് ഇപ്പോൾ ബാങ്കുകൾ ഇളവു പ്രഖ്യാപിച്ചു തുടങ്ങിയിട്ടുള്ളത്.
എസ്‌ബിഐക്കു പുറമേ പലിശ ഇളവു പ്രഖ്യാപിച്ചിട്ടുള്ള പൊതുമേഖലാ ബാങ്കുകൾ ഇവയാണ്: പഞ്ചാബ് നാഷനൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, യൂക്കോ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്.
സ്വകാര്യ മേഖലയിൽനിന്നു കരൂർ വൈശ്യ ബാങ്കും ആർബിഎൽ ബാങ്കുമാണു വായ്‌പ നിരക്കിൽ ഇളവു വരുത്തിയിട്ടുള്ളത്. വിവിധ ബാങ്കുകൾ പ്രഖ്യാപിച്ചിട്ടുള്ള ഇളവ് 0.15 മുതൽ 0.25% വരെ.
നിരക്കുകൾ അതതു ബാങ്കിന്റെ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. റിപ്പോ അധിഷ്‌ഠിത നിരക്കാണ് എസ്‌ബിഐയൂടെ മുഴുവൻ ഭവന വായ്‌പകൾക്കും ബാധകം. എസ്‌ബിഐയുടെ മൊത്തം ഭവന വായ്‌പ 8 ലക്ഷം കോടി രൂപയുടേതാണ്.