
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഫെബ്രുവരിയിലും ഇന്ത്യന്‍ ഓഹരി വിപണിയിലെ അറ്റവില്‍പ്പന തുടരുന്നു. ഈ മാസം ഇതുവരെ 9090 കോടി രൂപയുടെ വില്‍പ്പനയാണ് അവ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്.
പ്രാഥമിക വിപണിയില്‍ 1478 കോടി രൂപയുടെ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ദ്വിതീയ വിപണിയില്‍ വില്‍പ്പന തുടരുകയാണ് ചെയ്യുന്നത്. 2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 90,993 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്.
ഡോളര്‍ സൂചിക ശക്തിയാര്‍ജിച്ചതും യുഎസ് ബോണ്ട് യീല്‍ഡ് ഉയരുന്നതും വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പനയ്‌ക്ക് ആക്കം കൂട്ടി. ഇന്ത്യ പോലുള്ള വളരുന്ന വിപണികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുകയും യുഎസ് വിപണിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നത്.
ഡോളര്‍ സൂചികയും യുഎസ് ബോണ്ട് യീല്‍ഡും താഴേക്ക് വരുമ്പോള്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വില്‍പ്പന കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പൊതുവെ സ്വാഗതം ചെയ്യപ്പെട്ട കേന്ദ്രബജറ്റും പലിശനിരക്ക് കുറച്ച ആര്‍ബിഐ നടപടിയും പൊതുവെ രാജ്യത്തിനകത്തെ സാഹചര്യം മെച്ചപ്പെടുന്നതിന്റെ സൂചനകളായാണ് പരിഗണിക്കേണ്ടത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിച്ചെടുത്തതും ഹ്രസ്വകാലാടിസ്ഥാനത്തില്‍ വിപണിക്ക് ആത്മവിശ്വാസം പകര്‍ന്നേക്കും.
അതേ സമയം ജിഡിപി വളര്‍ച്ചയിലും കോര്‍പ്പറേറ്റുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളിലും ഗണ്യമായ പുരോഗതി ഉണ്ടായാല്‍ മാത്രമേ മധ്യ-ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ.