ഭവന വില്‍പ്പനയില്‍ ഏഴ് ശതമാനം ഇടിവ്വിദേശനാണ്യ കരുതല്‍ ശേഖരം തുടര്‍ച്ചയായി ഇടിയുന്നുആഭ്യന്തര വിമാനയാത്രാ രംഗത്ത് വന്‍ കുതിപ്പ്മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നു

വരുന്നു 792 കോടി രൂപ ഉന്നമിട്ടൊരു ‘ബോളിവുഡ്’ ഐപിഒ

മുംബൈയിൽ നിന്നൊരു കമ്പനി ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്. നിക്ഷേപ പിന്തുണയുമായി ഒപ്പം നിൽക്കുന്നതോ സാക്ഷാൽ ബിഗ് ബിയും കിങ്ഖാനും ഹൃതിക് റോഷനും ഉൾപ്പെടെ വൻ ബോളിവുഡ് താരനിരയും നിക്ഷേപപ്രമുഖനായ ആശിഷ് കചോലിയയും.

ശ്രീ ലോട്ടസ് ഡെവലപ്പേഴ്സ് ആൻഡ് റിയൽറ്റിയാണ് 792 കോടി രൂപ ഉന്നമിട്ട് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നത്. മുംബൈ ആസ്ഥാനമായ കമ്പനി ഇതിനുള്ള അപേക്ഷ (ഡിആർഎച്ച്പി) ഇന്ത്യൻ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് സമർപ്പിച്ചു.

ഐപിഒ പൂർണമായും ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) ആയിരിക്കും. പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) ഇല്ല. നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ ഐപിഒയിലൂടെ വിറ്റഴിക്കുന്ന മാർഗമാണ് ഒഎഫ്എസ്.

‘താരസമ്പന്നമായ താമര’
ശ്രീ ലോട്ടസിന്റെ മൊത്തം ഓഹരികളിൽ 91.78 ശതമാനവും ആനന്ദ് കമൽനയൻ പണ്ഡിറ്റ് നയിക്കുന്ന പ്രൊമോട്ടർമാരുടെ കൈവശമാണ്. ബാക്കി 8.22% അമിതാഭ് ബച്ചൻ, ഷാറുഖ് ഫാമിലി ട്രസ്റ്റ്, ഹൃതിക് റോഷൻ, രാകേഷ് റോഷൻ, തുഷാർ കപൂർ, ഏക്താ കപൂർ, ജീതേന്ദ്ര കപൂർ, ടൈഗർ ജാക്കി ഷ്റോഫ്, രാജ്കുമാർ യാദവ്, സാജിദ് നാദിയവാല, മനോജ് ബാജ്പേയ്, നിക്ഷേപകൻ ആശിഷ് കചോലിയ, എൻഎവി ക്യാപിറ്റൽ, മിനർവ വെഞ്ച്വേഴ്സ്, ഓപ്പ്ബാസ്കറ്റ്, ഡോവ്ടെയ്ൽ ഗ്ലോബൽ ഫണ്ട് തുടങ്ങിയവരുടെ കൈയിലും.

കഴിഞ്ഞ സെപ്റ്റബംർ 16ന് കമ്പനി 46.46 ലക്ഷം ഓഹരികൾ വിറ്റഴിച്ച് 139.4 കോടി രൂപ സമാഹരിച്ചിരുന്നതായി മണികൺട്രോളിന്റെ റിപ്പോർട്ട് വ്യക്തമാക്കി. സ്വകാര്യനിക്ഷേപകർക്ക് ഓഹരി വിൽക്കുന്ന പ്രൈവറ്റ് പ്ലേസ്മെന്റ് വഴിയായിരുന്നു ഇത്.

ഓഹരിക്ക് 300 രൂപ വിലയിലായിരുന്നു വിൽപന. പിന്നാലെ ഡിസംബർ 14ന് ഇതിന്റെ പാതിമാത്രം വിലയ്ക്ക് (ഒന്നിന് 150 രൂപ വീതം) 2.66 കോടി ഓഹരികൾ വിറ്റഴിച്ച് 399.2 കോടി രൂപയും സമാഹരിച്ചു. ഇതിലാണ് ആശിഷ് കചോലിയ ഉൾപ്പെടെയുള്ള നിക്ഷേപകർ ഓഹരി സ്വന്തമാക്കിയത്.

കചോലിയ ഏകദേശം 50 കോടി രൂപ നിക്ഷേപിച്ച് 33.33 ലക്ഷം ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. ബിഗ് ബി മുതൽ മനോജ് ബാജ്പേയ് വരെയുള്ള ബോളിവുഡ് താരങ്ങളുടെ പക്കലുള്ളത് സംയോജിതമായി 28.92 കോടി രൂപ മതിക്കുന്ന 19.28 ലക്ഷം ഓഹരികൾ.

ആഡംബര, അത്യാഡംബര റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ ശ്രദ്ധിക്കുന്ന കമ്പനിയാണ് ശ്രീ ലോട്ടസ് ഡെവലപ്പേഴ്സ് ആൻഡ് റിയൽറ്റി. ഇതിനകം 3 പദ്ധതികൾ പൂർത്തിയാക്കിയ കമ്പനിയുടെ മറ്റ് 6 പദ്ധതികൾ പുരോഗമിക്കുകയുമാണ്. പുറമേ 7 പദ്ധതികൾ കൂടി ആസൂത്രണം ചെയ്തിട്ടുമുണ്ട്.

ഈ പദ്ധതികൾക്ക് പണം ഉറപ്പാക്കാനാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വിനിയോഗിക്കുക.

X
Top